Saturday 21 March 2009

ലങ്കാവി - ഭാഗം 3

(ഭാഗം 2 ല്‍ നിന്നും തുടര്‍ച്ച)

പിറ്റേന്ന് രാവിലെ 6 മണിക്കു തന്നെ എഴുന്നേറ്റു. ഞാന്‍ പൂര്‍വാധികം ഉന്മേഷവാനായിരുന്നു. മുത്തിയാറയില്‍ നിന്നും ഹാര്‍ബര്‍ വരെ ഒരു പ്രഭാത സവാരി നടത്തി. ബീച്ച് കൂടുതല്‍ സുന്ദരിയായിരിക്കുന്നതു പോലെ തോന്നി.

റിസോര്‍ട്ടിലെ റെസ്റ്റോറന്റില്‍ നിന്നും ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതിനു ശേഷം ഞാന്‍ റെഡിയായി. ഒരു സാഹസിക യാത്രയ്ക്കു പോകുകയാണ്! ഇന്ന് 'Dev's Adventure Tours' നടത്തുന്ന ഒരു മാംഗ്രോവ് കയാക്കിങ്ങിനു (Mangrove Kayaking) പോവുകയാണ്. ദേവ് മഹേന്ദ്ര എന്ന ലങ്കാവിയിലെ പ്രശസ്തനായ പരിസ്ഥിതി പ്രവര്‍ത്തകന്റെ നേതൃത്വത്തിലാണ് കയാക്കിംഗ്. റിവ്യൂകളില്‍ നിന്നും ദേവിന്റേതാണ് ഏറ്റവും മികച്ച ട്രിപ് എന്നു ഞാന്‍ മനസിലാക്കിയിരുന്നു. ബുക്കിംഗ് ഒക്കെ നേരത്തെ തന്നെ ഓണ്‍ലൈന്‍ വഴി നടത്തിയിരുന്നു. 220 RM ആണ് ഒരാള്‍ക്കുള്ള ചാര്‍ജ്. 9 മണിയോടെ ദേവിന്റെ സഹപ്രവര്‍ത്തകന്‍ ഒരു കാറുമായി വന്ന് ഹോട്ടല്‍ ലോബിയില്‍ നിന്നും എന്നെ കൂട്ടിക്കൊണ്ടു പോയി. സണ്‍സ്ക്രീന്‍ ലോഷനും, ഒരു ജോഡി വസ്ത്രവും കരുതിക്കൊള്ളാന്‍ അദ്ദേഹം എന്നെ പ്രത്യേകം ഉപദേശിച്ചു. കിലിം നദീ തീരത്തേക്കാണ് ഞങ്ങളുടെ യാത്ര. അര മണിക്കൂറോളമെടുക്കും അവിടെയെത്താന്‍. പോകുന്ന വഴി സുന്ദരമായ താന്‍‌ജുംഗ് റു ബീച്ചും, ദ്വീപ് നിവാസികളുടെ പ്രധാന വാസ സ്ഥലമായ ഐര്‍ ഹാംഗത് വില്ലേജും (Air Hangat) കണ്ടു.

ഒടുവില്‍ കിലിം നദീ തീരത്തെ ഒരു ബോട്ടു ജെട്ടിയില്‍ ഞങ്ങളെത്തി. ഞങ്ങളെ പ്രതീക്ഷിച്ച് ദേവ് അവിടെ നില്‍പ്പുണ്ടായിരുന്നു. ഇരുണ്ട നിറമുള്ള ഒരു മൊട്ടത്തലയനായ ഒരു 45 കാരന്‍! എന്നെ കൂടാതെ 7 പേര്‍ കൂടെ കയാക്കിംഗിനു തയ്യാറായി വന്നിട്ടുണ്ട്. സിംഗപ്പൂര്‍, ഇംഗ്ലണ്ട്, കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവര്‍. ദേവ് എല്ലാവരെയും പരിചയപ്പെട്ടു. ഞാന്‍ ഇന്ത്യയില്‍ നിന്നാണെന്നറിഞ്ഞപ്പോള്‍ ദേവിന് അത്ഭുതം! ഇന്ത്യയില്‍ നിന്നുള്ള ആള്‍ക്കാര്‍ പൊതുവെ പ്രകൃതിയെ അറിയാനും, സാഹസിത യാത്രയ്ക്കുമായി അവിടെ എത്തിച്ചേരാറില്ലത്രേ! ദേവ് ഒരു സിംഗപ്പൂര്‍ പൌരനാണെങ്കിലും, കഴിഞ്ഞ 17 വര്‍ഷമായി ലങ്കാവിയിലാണ് താമസം.

ഒരു യന്ത്രവല്‍കൃത ബോട്ടില്‍ ഞങ്ങള്‍ യാത്ര ആരംഭിച്ചു. വളരെ പതുക്കെയാണ് യാത്ര. പുഴയില്‍ അവിടവിടെയായി 'Perlahan' എന്നെഴുതിയ ബോര്‍ഡ് ഉയര്‍ന്നു നില്‍ക്കുന്നു. വേഗത കുറക്കാനുള്ള നിര്‍ദ്ദേശമാണ്. ദേവ് ബോട്ട് ഓപ്പറേറ്ററുടെ അടുത്തു തന്നെ ഇരുന്നു നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നുണ്ട്.



അതിനിടെ ഒരു സ്പീഡ് ബോട്ടിലെന്ന പോലെ അടുത്തു കൂടെ കുതിച്ചു പാഞ്ഞ ചില ബോട്ടുകള്‍ ദേവിനെ കണ്ടതോടെ എഞ്ചിന്‍ ഓഫ് ചെയ്തു! സ്പീഡ് കുറക്കാനുള്ള ദേവിന്റെ നിര്‍ദ്ദേശത്തിന്റെ പൊരുള്‍ പിന്നീടാണ് എനിക്കു മനസിലായത്. ഞങ്ങളുടെ ബോട്ടിനു തൊട്ടു മുമ്പിലായി വഴികാട്ടികളെന്ന പോലെ നീങ്ങുന്ന ഒരു നാലംഗ ഡോള്‍ഫിന്‍ കുടുംബം! ശബ്ദങ്ങളെ തിരിച്ചറിയാനും പ്രതികരിക്കാനും മനുഷ്യരേക്കാള്‍ കഴിവുള്ളവയാണ് ഡോള്‍ഫിനുകള്‍. 4000 മടങ്ങ് സെന്‍സിറ്റിവ്! നമുക്ക് സാധാരണയായി തോന്നാവുന്ന ബോട്ടിന്റെ ശബ്ദം ഡോള്‍ഫിന് എന്തു മാത്രം അസഹ്യതയാണുണ്ടാക്കുക എന്നാലോചിച്ചു നോക്കൂ! ഡോള്‍ഫിന്‍ മാത്രമല്ല, കണ്ടല്‍ക്കാടുകളില്‍ (Mangrove) വസിക്കുന്ന മറ്റ് ജീവജാലങ്ങളും മനുഷ്യന്റെ ശബ്ദ മലിനീകരണം സഹിക്ക വയ്യാതെ തീരങ്ങള്‍ വിട്ടു പോയ്ക്കൊണ്ടിരിക്കുകയാണ് എന്ന് ദേവ് വേദനയോടെ പറഞ്ഞു.

നദിയുടെ മദ്ധ്യഭാഗത്തെവിടെയോ സ്ഥിതി ചെയ്യുന്ന കയാക്കുകള്‍ എടുക്കാന്‍ വേണ്ടിയാണ് ഞങ്ങളുടെ യാത്ര. വഴിയിലുടനീളം ദേവ് ലങ്കാവിയെ പറ്റി സംസാരിച്ചു കൊണ്ടിരുന്നു. മനോഹരമായ, ഒഴുക്കുള്ള ഇംഗ്ലീഷില്‍. മലാക്കന്‍ കടലിടുക്ക് പണ്ട് ചൈനയില്‍ നിന്നും, ഇന്ത്യയില്‍ നിന്നും ധാന്യങ്ങളും, കളിമണ്‍ സാമഗ്രികളും, കറുപ്പും (Opium) കടത്താന്‍ വേണ്ടി കപ്പല്‍ യാത്രക്കാര്‍ ഉപയോഗിച്ചിരുന്നു. ഇവരെ കൊള്ളയടിച്ച് ജീവിച്ചിരുന്ന കടല്‍ക്കൊള്ളക്കാരുടെ ഒരു പ്രധാന താവളമായിരുന്നു ലങ്കാവി. ആര്‍ക്കും അത്രയെളുപ്പം കണ്ടെത്താനാവാത്ത ഒരു കടലിടുക്കിലാണ് ലങ്കാവി സ്ഥിതി ചെയ്യുന്നത്. ഭൂമിശാസ്ത്ര പരമായും ഒട്ടേറെ പ്രത്യേകതകളുള്ള സ്ഥലമാണിത്. ഇവിടെയുള്ള പാറകളും മലനിരകളും കോടിക്കണക്കിന് വര്‍ഷങ്ങളുടെ പഴക്കമുള്ളതാണ്. ഭൂമിയുടെ ആവിര്‍ഭാവവും, പ്രായവും പഠിക്കാന്‍ ലങ്കാവി ശാസ്ത്രജ്ഞരെ ഒട്ടൊന്നുമല്ല സഹായിച്ചിട്ടുള്ളത്.

ഏഷ്യ - പസഫിക് റീജിയണിലെ ഏറ്റവും മികച്ച ജിയോ പാര്‍ക്കായാണ് ലങ്കാവി അറിയപ്പെടുന്നത്. 550 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുകളില്‍ പഴക്കമുള്ള കംബ്രീയന്‍ (Cambrian) കാലഘട്ടത്തിലാണ് മച്ചിന്‍‌ചാംഗ് മലനിരകളുള്‍പ്പെടെയുള്ള ലങ്കാവി മലനിരകളുടെ ആവിര്‍ഭാവം. അത്യപൂര്‍വമായ ഫോസിലുകളും, ഗ്ലേഷ്യര്‍ ഡ്രോപ്‌സ്റ്റോണ്‍സും, പുരാതനമായ ഗുഹാവശിഷ്ടങ്ങളും ഇവിടെ നിന്നും കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. 220 മില്യണ്‍ വര്‍ഷങ്ങള്‍ക്കു മുമ്പുള്ള അതിശക്തമായ ഒരു ടെക്ടോണിക് ചലനത്തിന്റെ ഫലമായാണ് ലങ്കാവി ഇന്നു കാണുന്ന രൂപമാര്‍ജ്ജിച്ചത്. ചരിത്രപരമായ ഈ പ്രത്യേകതകള്‍ കണക്കിലെടുത്തു കൊണ്ടാണ് ഫോറസ്റ്റ് ഡിപ്പാര്‍ട്ട്മെന്റ് ഇതിനെ ഒരു ജിയോ പാര്‍ക്കായി പ്രഖ്യാപിച്ചതും, സംരക്ഷിക്കുന്നതും.

നദിയുടെ ഏതോ ഒരു കൈവഴിയിലൂടെയാണ് ഞങ്ങള്‍ ഇപ്പോള്‍ സഞ്ചരിക്കുന്നത്. ഇരു വശവും ഇടതൂര്‍ന്ന കണ്ടല്‍ക്കാടുകള്‍. 2004 ഡിസംബറില്‍ ലോകത്തെ ഞെട്ടിച്ച സുനാമി ദുരന്തം ഉണ്ടായപ്പോള്‍ ലങ്കാവിയെ രക്ഷിച്ചത് ഈ കണ്ടല്‍ക്കാടുകളായിരുന്നു! പ്രകൃതി ദത്തമായ ഒരു സുരക്ഷാ കവചം പോലെ. അതിനു ശേഷമാണത്രെ, ലങ്കാവി ആഗോള തലത്തില്‍ പ്രശസ്തമായതും, സഞ്ചാരികളുടെ ഒഴുക്ക് തുടങ്ങിയതും.

വളരെ പ്രധാനമായ മറ്റൊരു കര്‍മം കൂടെ കണ്ടല്‍ക്കാടുകള്‍ നിറവേറ്റുന്നുണ്ട്. കിലിം നദിയിലേയും, മലാക്കന്‍ കടലിടുക്കിലേയും 90 ശതമാനം മത്സ്യങ്ങളുടെയും മറ്റ് ജലജീവികളുടെയും പ്രജനന സ്ഥലമാണ് ഇത്. മാത്രമല്ല; കരയില്‍ ജീവിക്കുന്ന ഒരു പാട് പക്ഷി മൃഗാദികളുടെ ആവാസസ്ഥലവുമാണിത്.

ഒടുവില്‍ നദിക്കു നടുവില്‍ സ്ഥാപിച്ച ഒരു പ്ലാറ്റ്ഫോമില്‍ ബോട്ട് എത്തി നിന്നു. ദേവ് ചുറുചുറുക്കോടെ ചാടിയിറങ്ങി ഓരോ കയാക്കുകളായി വെള്ളത്തിലിറക്കി. ഒരു കയാക്കില്‍ 2 പേര്‍ക്കിരിക്കാം. വെള്ളത്തില്‍ മറിഞ്ഞു വീഴാത്ത രീതിയില്‍ പ്രത്യേകമായാണ് കയാക്ക് ഡിസൈന്‍ ചെയ്തിരിക്കുന്നത്. ഞാനും എന്റെ സഹയാത്രികനും തുഴകളുമായി കയാക്കില്‍ കയറി. സത്യം പറയട്ടെ, തുഴയല്‍ എന്നത് അത്ര എളുപ്പമുള്ള സംഗതിയല്ല! ആദ്യത്തെ അര മണിക്കൂര്‍ ഞങ്ങള്‍ ഒരു ലക്ഷ്യവുമില്ലാതെ വെള്ളത്തില്‍ വട്ടം കറങ്ങുകയായിരുന്നു. ദേവ് വളരെ ക്ഷമയോടെ തുഴയലിന്റെ ബാലപാഠങ്ങള്‍ പഠിപ്പിച്ചു തന്നു. ഒടുവില്‍ ദേവിനെ അനുഗമിച്ചു കൊണ്ട് മറ്റ് നാലു കയാക്കുകള്‍ നീങ്ങി.

(തുടരും..)

5 comments:

മി | Mi 27 March 2009 at 11:35  

ഫാഗം മൂന്നേയ്..

Vince 29 March 2009 at 07:10  
This comment has been removed by the author.
വിന്‍സ് 29 March 2009 at 07:13  

താങ്കളുടെ പോസ്റ്റുകള്‍ തനിമലയാളത്തില്‍ വരുന്നില്ലെന്നു തോന്നുന്നു. ഞാന്‍ ഇതിപ്പോള്‍ ആണു കാണുന്നത്. വളരെ നന്നായിരിക്കുന്നു. മൂന്നു ഭാഗങ്ങളും വായിച്ചു. നല്ല വിവരണങ്ങള്‍. അടുത്തതിനയി വെയിറ്റ് ചെയ്യുന്നു. ഫേവറിറ്റ്സില്‍ തൂക്കിയിട്ടുണ്ട് മിയെ.

വിന്‍സ് 29 March 2009 at 07:37  

എന്റെയും രണ്ടു സുഹ്രുത്തുക്കളുടേയും പെറു ട്രിപ്പിനേ കുറിച്ചെഴുതാന്‍ തോന്നുന്നു ഇത്രയും വായിച്ചതിനു ശേഷം.... തനിച്ച് ഇങ്ങനെ വെക്കേഷന്‍ ട്രിപ്പ് പോവാന്‍ തോന്നുക എന്നുള്ളതു തന്നെ വലിയ കാര്യം ആണു. ഞാന്‍ കൂട്ടുകാരുണ്ടെങ്കില്‍ മാത്രം ടൂറിനു പോവുന്ന ആളാണു. ഒരാള്‍ എങ്കിലും കമ്പനി വേണം അതു കൊണ്ട് മാത്രം എത്രയോ ട്രിപ്പുകള്‍ ഒഴിവാക്കിയിരിക്കുന്നു.

മി | Mi 29 March 2009 at 09:20  

വിന്‍സ്,

അഗ്രിഗേറ്ററുകളൊന്നും ഈ വഴി വരുന്നില്ലെന്ന് തോന്നുന്നു! ആദ്യത്തെ പോസ്റ്റ് മാത്രം ചിന്തയില്‍ കണ്ടു. പുതിയ ആളായതു കൊണ്ടായിരിക്കും; നോക്കാം..

പെറു പോകാന്‍ ആഗ്രഹമുള്ള ഒരു സ്ഥലമാണ്. അതിനെപ്പറ്റി എഴുതൂ... (യാത്രാവിവരണമാണ് എഴുതാന്‍ ഏറ്റവും എളുപ്പമെന്നു തോന്നുന്നു!). എന്റെ മിക്ക യാത്രകളിലും കൂട്ടുകാര്‍ ഒപ്പമുണ്ടാകും.. ഇതിന് ഞാനെങ്ങനെയോ ഒറ്റയ്ക്കായെന്ന് മാത്രം.