Saturday 21 March 2009

ലങ്കാവി - ഭാഗം 2

(ഭാഗം 1 ല്‍ നിന്നും തുടര്‍ച്ച)

ബാഗുകളൊക്കെ കാറിനകത്തു കയറ്റി. ഫ്യൂവല്‍ മീറ്ററില്‍ നോക്കിയപ്പോള്‍ പെട്രോള്‍ ഇല്ലെന്നു തന്നെ പറയാം. അടുത്തുള്ള പെട്രോള്‍ ബങ്ക് നോക്കാന്‍ വേണ്ടി മാപ്പ് തുറന്നു. ഭാഗ്യം! അടുത്തു തന്നെ ഒരെണ്ണം ഉണ്ട്. 5 മിനിറ്റ് ഡ്രൈവ് ചെയ്താല്‍ മതി. ലങ്കാവിയിലെ എല്ലാ പെട്രോള്‍ ബങ്കുകളിലും സെല്‍ഫ് സെര്‍വീസ് ആണ്. എന്നു വെച്ചാല്‍ സ്വയം പെട്രോളടിച്ചോളണമെന്ന്! ലിറ്ററിന് വെറും 2 RM മാത്രമേയുള്ളൂ. 10 ലിറ്റര്‍ പെട്രോളുമടിച്ച് ഞാന്‍ എന്റെ ഹോട്ടല്‍ ലക്ഷ്യമാക്കി നീങ്ങി. 30 മിനിറ്റോളം ഓടിക്കണം. ദ്വീപിന്റെ വടക്കു പടിഞ്ഞാറേ തീരത്തുള്ള മുത്തിയാറ ബുറാവു ബേ റിസോര്‍ട്ടാ‍ണ് (Mutiara Burau Bay Resort) എന്റെ ലക്ഷ്യം. Mutiara Burau Bay എന്നത് ആ ബീച്ചിന്റെ പേരാണ്.
ലങ്കാവി എന്ന പേരു വന്നതിനു പുറകിലും ഒരു കഥയുണ്ട്. ചരിത്രാതീത കാലം മുതലേ പരുന്തുകളുടെ (Eagle) ഒരു വലിയ ആവാസകേന്ദ്രമായിരുന്നു ഈ പ്രദേശം. ഒരു പാട് മാ‍ര്‍ബിള്‍ ശേഖരവും ഇവിടെയുണ്ട്. മലായ് ഭാഷയില്‍ 'Helang' എന്നാല്‍ പരുന്ത് എന്നര്‍ത്ഥം. സംസ്കൃതത്തില്‍ 'Kawi' എന്നാല്‍ മാര്‍ബിള്‍ എന്നും ഈ രണ്ടു പദങ്ങള്‍ ചേര്‍ന്നാണ് 'Helangkawi' ഉണ്ടായതും, പിന്നീടതു ചുരുങ്ങി ലങ്കാവി ആയി മാറിയതും! ലങ്കാവിയുടെ ഒരു വലിയ ഭാഗത്തെ മൂന്ന് ജിയോ ഫോറസ്റ്റ് പാര്‍ക്കുകളായി തിരിച്ചിട്ടുണ്ട്. മുത്തിയാറ,തെലാഗ ഹാര്‍ബര്‍, ഓറിയെന്റല്‍ വില്ലേജ് തുടങ്ങിയ സ്ഥലങ്ങളടങ്ങുന്ന 'Machinchang Cambrian Georforest Park' ആണ് ആദ്യത്തേത്. മച്ചിന്‍‌ചാംഗ് മലനിരകളും, (Gunung Machinchang), ഒരു പാട് കാടുകളുമുള്ള ഈ പ്രദേശത്താണ് എന്റെ റിസോര്‍ട്ട്. ദ്വീപിലെ ഏറ്റവും മനോഹരമായ ബീച്ചായ താന്‍‌ജുംഗ് റു (Tanjung Rhu), കിലിം നദി (Kilim River), അതിനുചുറ്റുമുള്ള വിസ്തൃതമായ കണ്ടല്‍ക്കാടുകള്‍, മറ്റ് ആവാസ വ്യവസ്ഥകള്‍ എന്നിവയടങ്ങുന്നതാണ് രണ്ടാമത്തെ 'Kilim Karst Geoforest Park'. മൂന്നാവത്തേതാകട്ടെ, പ്രധാന ദ്വീപില്‍ നിന്നും സ്വല്പം മാറി സ്ഥിതിചെയ്യുന്ന Pulau Dayang Bunting, Pulau Tuba തുടങ്ങി അനേകം ദ്വീപുകളടങ്ങുന്ന 'Pulau Dayang Bunting Geoforest Park' ഉം. ദ്വീപിലെ തിരക്കുള്ള പ്രദേശങ്ങളായ കുവാ ടൌണ്‍ (Kuah Town), പന്തായ് സെനംഗ്, (Pantai Cenang) പന്തായ് തെന്‍‌ഗാ (Pantai Tengah) എന്നിവയൊക്കെ ഈ ജിയോ ഫോറസ്റ്റ് ഏരിയയുടെ പരിധിക്ക് പുറത്താണ്. (Pulau എന്നാല്‍ ദ്വീപ് എന്നും, Pantai എന്നാല്‍ കടല്‍ത്തീരം എന്നുമാണ് അര്‍ത്ഥം).

മാപ്പ് ഉണ്ടായിരുന്നെങ്കിലും ഒന്നു രണ്ട് സ്ഥലത്ത് നിര്‍ത്തി റിസോര്‍ട്ടിലേക്കുള്ള വഴി ചോദിക്കേണ്ടി വന്നു. ഇടയ്ക്ക് കുറേ ദൂരം ചെറിയ കയറ്റിറങ്ങളിലൂടെയുള്ള യാത്രയാണ്. ചുരങ്ങള്‍ക്ക് സമാനം. തെലാഗ ഹാര്‍ബറിനു സമീപമെത്തിയപ്പോള്‍ മനോഹരമായ ബീച്ച് ദൃശ്യമായിത്തുടങ്ങി.

ഒടുവില്‍ വലിയ ബുദ്ധിമുട്ടു കൂടാതെ റിസോര്‍ട്ടിലെത്തി. ഞാന്‍ പ്രതീക്ഷിച്ചതിനേക്കാള്‍ മനോഹരമായ സ്ഥലം! എങ്ങും പച്ചപ്പ്. ഒരു കാട്ടിനു നടുവിലെന്ന പോലെ ചീവീടുകളുടെ ശബ്ദം കേള്‍ക്കാം.
കാര്‍ പോര്‍ച്ചില്‍ 'No Parking' , 'No Smoking', എന്നീ ബോര്‍ഡുകളുടെ കൂടെ മറ്റൊരു ബോര്‍ഡും എന്റെ ശ്രദ്ധയാകര്‍ഷിച്ചു. 'No Durian'! (ഡ്യൂറിയാന്‍ എന്നത് ഒരു തരം ചെറിയ ചക്കയാണ്). ചക്കയ്ക്കും വിലക്കോ? അതിന്റെ രഹസ്യം രണ്ടു ദിവസം കഴിഞ്ഞാണ് എനിക്ക് മനസിലായത്. വഴിയേ പറയാം!
ബീച്ചിനു തൊട്ടടുത്തു തന്നെയുള്ള ഒരു കബാനയാണ് ഞാന്‍ ബുക്ക് ചെയ്തിരുന്നത്. വലിപ്പമുള്ള ഒരു ഹാളും, ഒരു ക്വീന്‍ ബെഡ്‌റൂമും, ഒരു ചെറിയ ബാത്ത്‌റൂമുമടങ്ങുന്നതാണ് കബാന.
കബാനയിലേക്ക് വരുന്ന വഴി കണ്ട സ്വിമ്മിംഗ് പൂള്‍ അതിനകം എന്റെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു! ചെറുതാണെങ്കിലും, ഭംഗിയും, വൃത്തിയുമുള്ളത്. ആദ്യം തന്നെ ചെയ്ത കാര്യവൂം അതു തന്നെയായിരുന്നു. ഒരു മണിക്കൂറോളം പൂളില്‍ ചെലവഴിച്ചു. പൂളിനു അടുത്തു തന്നെ ഒരു കോക്ക് ടെയില്‍ ബാറും, സ്പാ യുമുണ്ട്. പൂളിന്റെ ഒരു ഭാഗം കുട്ടികള്‍ക്കായി വേര്‍തിരിച്ചിരിക്കുന്നു.
8 മണിയോടെ പൂള്‍ അടച്ചു. അതിനു ശേഷം ഞാന്‍ ബീച്ചിലേക്ക് നടന്നു. മുത്തിയാറ ബീച്ചില്‍ കടല്‍ ശാന്തമാണ്. പുഴയിലെ ഓളങ്ങള്‍ പോലെ ചെറിയ തിരകള്‍ മാത്രം. (കോഴിക്കോട്ടെ കാപ്പാട് കടപ്പുറം സന്ദര്‍ശിച്ചവര്‍ ഇതു ശ്രദ്ധിച്ചിരിക്കും). ഒരു വശത്ത് ബെര്‍ജായ റിസോര്‍ട്ടിന്റെ മനോഹരമായ ഷാലെകള്‍ നിര നിരയായി കിടക്കുന്നു.
കുറച്ചു നേരം കടല്‍ക്കരയില്‍ മലര്‍ന്നു കിടന്നു. തെളിമയാര്‍ന്ന ആകാശം.. നേര്‍ത്ത നിലാവ്.. തല ചെരിച്ചു നോക്കിയപ്പോള്‍ തിരക്കിട്ടോടിപ്പോകുന്ന കുറേ ഞണ്ടുകള്‍..

നല്ല ദാഹം.. വിശപ്പും. തിരിച്ചു മുറിയിലെത്തി ഫ്രിഡ്ജ് തുറന്നു നോക്കി. കുറേ ട്രോപിക്കല്‍ ഡ്രിങ്ക്സ്.. സിംഗപ്പൂരിന്റെ സ്വന്തം ടൈഗര്‍ ബീയര്‍.. വേറെ കാര്യമായി ഒന്നുമില്ല. ഏതായാലും ഭക്ഷണം പുറത്തു നിന്ന് കഴിക്കാനാണല്ലോ തീരുമാനിച്ചിരിക്കുന്നത്. ഇറങ്ങുക തന്നെ. 'തലയേക്കാള്‍ പ്രധാനം വയറു തന്നെ!' എന്നു ചിന്തിക്കുന്ന കൂട്ടത്തിലായതിനാല്‍ ഇവിടെ കിട്ടുന്ന ഭക്ഷണത്തിന്റെ സവിശേഷതകളെപ്പറ്റിയൊക്കെ ഞാന്‍ നേരത്തെ റിസേര്‍ച്ച് ചെയ്തിരുന്നു! കാറുമെടുത്ത് പുറത്തിറങ്ങി. ഹാര്‍ബറിന്റെ പരിസരത്ത് കുറേ റെസ്റ്റോറന്റുകളും (Restoran), ഷോപ്പിംഗ് സൌകര്യവുമുണ്ട്. ലങ്കാവി ദ്വീപ് മൊത്തം ഡ്യൂട്ടി ഫ്രീ ആണെന്നറിയാമോ?

ആദ്യം കണ്ട കടയില്‍ കയറി ഒരു ഐറിഷ് ക്രീമും, ജാക്ക് ഡാനിയല്‍സ് വിസ്കിയും വാങ്ങി. ഹാര്‍ബറിന്റെ വശത്തു മുഴുവന്‍ റെസ്റ്റോറന്റുകളാണ്. ചൈനീസ്, തായ്, റഷ്യന്‍, ഇറ്റാലിയന്‍, മെക്സിക്കന്‍ എന്നു തുടങ്ങി ഒരു വിധം എല്ലാ തരത്തിലുമുള്ള ക്വിസീന്‍ അവിടെ ലഭ്യമാണ്. ഹൃദ്യമായ ചിരിയോടെ 'മിലി' എന്ന സ്ത്രീ അവരുടെ 'Pulau Pulau' എന്ന ചൈനീസ് റെസ്റ്റോറന്റിലേക്ക് എന്നെ സ്വാഗതം ചെയ്തു. ഒരു നീണ്ട മെനു മുമ്പില്‍ വന്നു. മിക്ക നാമങ്ങളും അപരിചിതം... ഈസ്റ്റ് ഏഷ്യയില്‍ വന്നാല്‍ നിര്‍ബന്ധമായും കഴിച്ചിരിക്കേണ്ട ഒരു സാധനമുണ്ട്. ടോം യാം സൂപ്പ് (Tom Yam). സീ ഫുഡോ, ചിക്കനോ ആവാം ഫ്ലേവര്‍. അതി രുചികരം! മെയിന്‍ ഡിഷിനു വേണ്ടി അര മണിക്കൂറോളം മെനുവിനു മുകളില്‍ ചെലവഴിച്ച എനിക്ക് ഒടുവില്‍ മിലിയുടെ സഹായം തന്നെ വേണ്ടി വന്നു. സീ ഫുഡ് മാത്രം മതി എന്നുള്ള വാശിയില്‍ ആയിരുന്നു ഞാന്‍. ഒടുവില്‍ ഒരു സ്ക്വിഡ് ഡീപ്പ് ഫ്രൈയും, ഗോള്‍ഡന്‍ പ്രോണ്‍സും, റൈസ് ന്യൂഡില്‍‌സും ഓര്‍ഡര്‍ ചെയ്തു. എല്ലാം ഒന്നിനൊന്നു സ്പൈസി! ഒരു മണിക്കൂറോളമെടുത്ത് വിശാലമായിട്ടു തന്നെ കഴിച്ചു തീര്‍ത്തു. ഹാര്‍ബറില്‍ യോട്ടുകള്‍ (Yacht) നിര നിരയായി നിര്‍ത്തിയിട്ടിരിക്കുന്നു. മിക്കവയും ഫിഷിംഗ് യോട്ടുകളാണ്. ആ നിലാവത്ത് കാന്‍ഡില്‍ ലൈറ്റിന്റെയും നിലാവിന്റെയും വെളിച്ചത്തില്‍ തുറന്ന അന്തരീക്ഷത്തില്‍, ശുദ്ധവായു ശ്വസിച്ചു കൊണ്ട് കടല്‍ത്തീരത്തിരുന്ന് കഴിച്ച ആ അത്താഴം പോലെ ഞാന്‍ ആസ്വദിച്ചു ഭക്ഷണം കഴിച്ച അവസരങ്ങള്‍ കുറവാണ്!

തിരിച്ചു റിസോര്‍ട്ടിലെത്തിയതും ഞാന്‍ കിടക്കയിലേക്ക് വീണു. ദിവസം മുഴുവന്‍ നീണ്ട യാത്രയും, വയറു നിറച്ചു കഴിച്ച ഭക്ഷണവും എന്നെ ക്ഷീണിതനാക്കിയിരുന്നു.

(തുടരും..)

2 comments:

മി | Mi 23 March 2009 at 13:55  

ഭാഗം 2.. (ഇത് ഉടനെയൊന്നും തീരുമെന്ന് തോന്നുന്നില്ല!)

വിന്‍സ് 29 March 2009 at 07:28  

മക് ഡോണാള്‍ഡ്സിന്റെ പരസ്യം പോലെ.... ഐ ആം ലവിങ്ങ് ഇറ്റ്......