Tuesday 31 March 2009

ലങ്കാവി - ഭാഗം 4

(ഭാഗം 3 ല്‍ നിന്നും തുടര്‍ച്ച)


കണ്ടല്‍ക്കാടുകള്‍ ഇടതൂര്‍ന്ന ഒരു കൈവഴിയിലേക്ക് ഞങ്ങള്‍ കയറി. നദിക്ക് വളരെ വീതി കുറവാണിവിടെ. നാലോ അഞ്ചോ മീറ്റര്‍ മാത്രം. ശ്രദ്ധിച്ചു തുഴഞ്ഞില്ലെങ്കില്‍ കണ്ടല്‍ക്കാടുകളില്‍ ചെന്നിടിക്കും. ദേവ് വളരെ ക്ഷമയോടെ എല്ലാവര്‍ക്കും വേണ്ടി കാത്തിരിക്കുകയും, വഴിവക്കിലുള്ള കാ‍ഴ്ചകള്‍ വിശദീകരിച്ചു തരികയും ചെയ്തു കൊണ്ടിരുന്നു. ഇട തിങ്ങിയ കാടുകള്‍ കാരണം സൂര്യപ്രകാശം വളരെ കുറച്ചു മാത്രമേ പതിക്കുന്നുള്ളൂ. ഒരിടത്തെത്തിയപ്പോള്‍ ദേവ് മുകളിലെ ചില്ലയിലേക്ക് വിരല്‍ ചൂണ്ടി. ഒരു ഫോറസ്റ്റ് മോണിറ്റര്‍ ലിസാര്‍ഡ് (Forest Monitor Lizard) ആണ്. ചില്ലയുടെ നിറവുമായി വളരെ സാമ്യമുള്ളതിനാല്‍ അതിനെ കണ്ടു പിടിക്കാന്‍ തന്നെ പാടുപെട്ടു. ഒരു 45 സെന്റിമീറ്റര്‍ നീളം വരും.


പിന്നീടങ്ങോട്ട് കണ്ടല്‍ക്കാടുകളില്‍ മാത്രം കാണാന്‍ കഴിയുന്ന വാട്ടര്‍ മോണിറ്റര്‍ ലിസാര്‍ഡ്, ബട്ടര്‍ഫ്ലൈ ലിസാര്‍ഡ് തുടങ്ങിയ പല്ലി വര്‍ഗത്തില്‍ പെട്ട ജീവികളെയും, ഡസ്കി ലീഫ് ലംഗൂര്‍ (Dusky Leaf Lungur), ലോം‌ഗ് ടെയില്‍ഡ് മകാക്ക് (Long Tailed Macaque) തുടങ്ങിയ വാനരന്മാരെയും, റെഡ് വാറ്റില്‍ഡ് ലാപ്‌വിംഗ് (Red Wattled Lapwing) തുടങ്ങിയ അപൂര്‍വമായ പക്ഷികളേയും കാണാന്‍ കഴിഞ്ഞു.

കാഴ്ചകള്‍ ആസ്വദിച്ചു അങ്ങനെ നീങ്ങിക്കൊണ്ടിരിക്കുമ്പോള്‍ ദേവ് എന്റെ നേര്‍ക്ക് വിരല്‍ ചൂണ്ടി 'സ്റ്റോപ്'!' എന്നലറി. ഓ! ഞാനിപ്പോള്‍ ഒരു മരത്തില്‍ ചെന്നിടിച്ചേനെ! ഉടനെ തിരിച്ചു തുഴഞ്ഞ് മരത്തില്‍ നിന്നും ഒരു 'ക്ലിയര്‍ ഡിസ്റ്റന്‍സ്'' പാലിച്ചു. നിഷ്കളങ്കനായി ഒന്നുമറിയാത്ത പോലെ ഇരിക്കുന്ന എന്നോട് ദേവ് മുകളിലേക്ക് നോക്കാന്‍ പറഞ്ഞു. പകുതി ജീവന്‍ പോയി! മരത്തിന്റെ ചില്ലയില്‍ എന്റെ തലയ്ക്ക് നേര്‍ മുകളിലായി ഒരാള്‍ തൂങ്ങിക്കിടക്കുന്നു! കൊടിയ വിഷമുള്ള ഒരു പാമ്പ്.. Mangrove Pit Viper. ഞാന്‍ ആ മരത്തില്‍ ചെന്നിടിച്ചിരുന്നെങ്കില്‍ ശിവന്റെ കഴുത്തില്‍ സര്‍പ്പം കിടക്കുന്നതു പോലെ അത് എന്റെ കഴുത്തില്‍ കിടന്നേനെ! അപ്പോഴാണ് കണ്ടല്‍ക്കാടുകളില്‍ ചെന്നിടിക്കരുതെന്ന് പറഞ്ഞത് കയാക്കിന് കേടു പറ്റാതിരിക്കാനല്ല; സ്വന്തം ജീവന്‍ രക്ഷിക്കാനാണെന്ന് എനിക്ക് മനസിലായത്!


ഇടതിങ്ങിയ ഈ കണ്ടല്‍ക്കാടുകളും, നദിയുടെ കൈവഴികളും ഉഗ്രവിഷമുള്ളതും ഇല്ലാത്തതുമായ അനേകം പാമ്പുകളുടെ വാസസ്ഥലം കൂടിയാണ്. പലയിനം മലമ്പാമ്പുകള്‍, പാരഡൈസ് ട്രീ സ്നെയ്ക് (Paradise Tree Snake), സണ്‍ബീം സ്നെയ്ക് (Sun Beam Snake), പഫ് ഫേസ്‌ഡ് വാട്ടര്‍ സ്നെയ്ക് (Puff Faced Water Snake), കാറ്റ് സ്നെയ്ക്ക് (Cat Snake), ട്രയാംഗിള്‍ കീല്‍ബാക്ക് (Triangle Keelback), മലായന്‍ ബ്ലൂ ക്രൈറ്റ് (Malayan Blue Krait) അങ്ങനെ ഒരു പാട് ഇനങ്ങള്‍. ഏതായാലും, പിന്നീട് വളരെ ശ്രദ്ധിച്ചാണ് തുഴഞ്ഞത്. പല പാമ്പുകളെയും തൊട്ടടുത്ത് നിന്ന് കണ്ടു. ഒന്നാഞ്ഞ് കൊത്തിയാല്‍ എത്താവുന്നത്ര ദൂരത്തില്‍!
ഒരു പാറക്കെട്ടിനടുത്തു ചെന്ന് ഞങ്ങള്‍ നിന്നു. ദേവ് ശ്രദ്ധാപൂര്‍വം ഓരോരുത്തരെയും കരയിലേക്ക് വലിച്ചു കയറ്റി. കയാക്കുകള്‍ ചേര്‍ത്ത് കെട്ടിയിട്ടു. ബാറ്റ് കേവിനു (Bat Cave) സമീപമാണ് ഞങ്ങള്‍ എത്തിയിരിക്കുന്നത്. സന്ദര്‍ശകരെ കണ്ടതു കൊണ്ടായിരിക്കാം, മരങ്ങളില്‍ നിന്ന് Long Tailed Macaque കള്‍ ഞങ്ങളെ സാകൂതം വീക്ഷിക്കുന്നു. കൂടെയുള്ളവര്‍ അവയെ ആകര്‍ഷിക്കാനായി ശബ്ദമുണ്ടാക്കിക്കൊണ്ട് കയ്യിലുള്ള ബോട്ടിലുകളും, ക്യാമറകളും വീശുന്നു. 'Don't do that! They are not as friendly as you think!' എന്ന് ദേവ് പറഞ്ഞു തീര്‍ന്നില്ല; പുറകില്‍ കൂടെ ഒരു വാനരന്‍ വന്ന് ഒരാളുടെ ക്യാമറ തട്ടിപ്പറിച്ചു കൊണ്ടോടി! ഇഷ്ടപ്പെടാഞ്ഞിട്ടാണോ എന്തോ, അവന്‍ അത് കളഞ്ഞ് അവന്റെ പാട്ടിനു പോയി. അപ്പോഴേക്കും വേറൊരാളുടെ കയ്യില്‍ നിന്നും വാട്ടര്‍ ബോട്ടില്‍ അപഹരിക്കപ്പെട്ടു കഴിഞ്ഞിരുന്നു. ദേവ് എല്ലാവരെയും വിളിച്ചു കൂട്ടി. എല്ലാ സാമഗ്രികളും നിങ്ങളുടെ ബാഗില്‍ വെച്ച്, ബാഗ് ശരീരത്തോട് ചേര്‍ത്തു വെയ്ക്കുക. മകാക്കുകളെ ഫീഡ് ചെയ്യാതിരിക്കുക. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, നിങ്ങള്‍ കൂടുതല്‍ കൊടുക്കുന്തോറും, അവ നിങ്ങളെ വിടാതെ പിന്തുടരും. രണ്ട്,സന്ദര്‍ശകര്‍ കൊടുക്കുന്ന കൃത്രിമ ഭക്ഷണ സാധനങ്ങള്‍ മകാക്കുകളുടെ ഡൈജസ്റ്റിവ് സിസ്റ്റത്തിനു യോജിച്ചതല്ല.. ആയുസ്സെത്താതെ അവ ചത്തൊടുങ്ങും. മാത്രമല്ല; പ്ലാസ്റ്റിക് ബോട്ടിലുകളും, ടിന്‍ കാനുകളും കടിച്ചു തുറക്കാന്‍ ശ്രമിക്കുന്ന മകാക്കുകളുടെ പല്ലുകള്‍ പെട്ടെന്ന് തേഞ്ഞ് തീരുകയും, പ്രകൃതിദത്തമായ രീതിയില്‍ അവയ്ക്ക് ഭക്ഷണം കഴിക്കാന്‍ കഴിയാതെവരികയും ചെയ്യും. ദേവ് എല്ലായിടത്തും നടന്ന് ചിതറിക്കിടന്നിരുന്ന് പ്ലാസ്റ്റിക് ബോട്ടിലുകളും മറ്റും പെറുക്കിയെടുത്ത് അദ്ദേഹത്തിന്റെ ബാഗില്‍ നിക്ഷേപിച്ചു. നമ്മെ സ്നേഹിക്കുന്നതിലുപരിയായി പ്രകൃതിയേയും, മറ്റു ജീവജാലങ്ങളെയും സ്നേഹിക്കാന്‍ പഠിക്കണമെന്ന പാഠം. ഒരു സത്യസന്ധനായ പ്രകൃതി സ്നേഹിയെ ഞാന്‍ ദേവില്‍ കണ്ടു..

ഞങ്ങള്‍ ബാറ്റ് കേവിനു മുമ്പിലെത്തി. ഈ പാറക്കെട്ട് 480 മില്യണ്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളതാണ്. ലൈം സ്റ്റോണ്‍ ആ‍യതു കൊണ്ടായിരിക്കാം, പാറയുടെ മിക്ക ഭാഗങ്ങളും ലീച്ചിംഗ് എന്ന പ്രതിഭാസത്താല്‍ ദ്രവിച്ചിരിക്കുന്നു. വശങ്ങളിലായി മനോഹരമായ പെയിന്റിംഗ് പോലെ ആല്‍ഗേ ഫോര്‍മേഷന്‍. കേവിനുള്ളിലേക്ക് നീളുന്ന ഒരു നീര്‍ച്ചാല്‍. ഉള്ളിലേക്കൊന്നും കാണാന്‍ വയ്യ. കൂരിരുട്ടാണ്. ബാഗില്‍ നിന്നും ടോര്‍ച്ച് ലൈറ്റെടുക്കാന്‍ തുനിഞ്ഞ ഒരു സഹയാത്രികനെ ദേവ് വിലക്കി. ഗുഹയ്ക്കുള്ളിലെ ജീവികള്‍ക്ക് ഫ്ലാഷ് ലൈറ്റ് ഒരു പ്രശ്നമായേക്കാം.
വവ്വാലുകളുടെ ഗുഹയ്ക്കുള്ളില്‍ വവ്വാല്‍ ഉണ്ടോ എന്നു പോലും അറിയാന്‍ വയ്യ. ഒരു സ്ഥലത്തെത്തിയപ്പോള്‍ ദേവ് എന്നോട് മുകളിലേക്ക് ഫോട്ടോ എടുക്കാന്‍ പറഞ്ഞു. ഒരു നിമിഷത്തില്‍ പൊലിഞ്ഞു തീര്‍ന്ന ഫ്ലാഷ് ലൈറ്റിന്റെ വെളിച്ചത്തില്‍ ഞാന്‍ കണ്ട കാഴ്ച അത്ഭുതകരമായിരുന്നു. ഗുഹയുടെ മേല്‍ക്കൂരയില്‍ ആയിരക്കണക്കിന് വവ്വാ‍ലുകള്‍ തല കീഴായി തൂങ്ങിക്കിടക്കുന്നു!



ബാറ്റ് കേവില്‍ പ്രധാനമായും ഉള്ളത് Malaysian Fruit Bats എന്നറിയപ്പെടുന്ന ചെറിയ വവ്വാലുകളാണ്. 60 മീറ്റര്‍ നീളമുള്ള ഗുഹ കടന്ന് ഞങ്ങള്‍ പുറത്തെത്തി. ഗുഹയില്‍ പലയിടങ്ങളിലും തല മുട്ടാവുന്ന അത്രയും താഴെയാണ് മുകള്‍ ഭാഗം. സൂക്ഷിച്ചു നടന്നില്ലെങ്കില്‍ തലയിടിച്ചതു തന്നെ.

കേവിനു പുറത്തായി കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കണ്ടല്‍ക്കാടുകള്‍. അതിനു നടുവിലായി മരത്തില്‍ നിര്‍മിച്ച ഒരു നടപ്പാതയും. ഈ പാത ചെന്നു നില്‍ക്കുന്നത് Barn Thai എന്ന പ്രശസ്തമായ, കാടിനു നടുവിലുള്ള ഒരു റെസ്റ്റോറന്റിലാണ്. 450 മീറ്ററോളം നീളമുള്ള പാതയാണത്. അവിടേക്കെത്തിപ്പെടാന്‍ ഈയൊരു മാര്‍ഗം മാത്രം!



ഏതായാലും ഞങ്ങളുടെ ഭക്ഷണം ഒരുക്കിയിരിക്കുന്നത് വേറൊരു സ്ഥലത്താണ്. ബാറ്റ് കേവ് ചുറ്റിക്കറങ്ങി വന്നു ചേരുന്നത് ഒരു ചെറിയ ബോട്ട് ജെട്ടിയിലേക്കാണ്. പോകുന്ന വഴി ദേവ് കണ്ടല്‍ക്കാടുകളെപ്പറ്റി വിശദായി വിവരിച്ചു തന്നു. അമിതമായ ഉപ്പു വെള്ളത്തില്‍ അതിജീവിക്കുന്നതിന് ഒരു പ്രത്യേക കഴിവു തന്നെയുണ്ട് കണ്ടല്‍ക്കാടുകള്‍ക്ക്. ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത, ബ്രീതിംഗ് റൂട്ട്സ് എന്നറിയപ്പെടുന്ന ഇതിന്റെ വേരുകള്‍ തന്നെയാണ്. ശരിയായ വൈവിപാറസ് (viviparous) ചെടികളാണ് കണ്ടല്‍. ചെടിയുടെ വിത്ത് മാതാവിന്റെ വശത്ത് അള്ളിപ്പിടിച്ചിരുന്ന് ഒരു embryo ആയി മാറുകയും, അതില്‍നിന്ന് മറ്റൊരു ചെടി മുളക്കുകയും ചെയ്യുന്നു. പോകുന്ന വഴിയില്‍ കണ്ട ചില സ്പൈഡറുകളെ പറ്റിയും, പ്രാണികളെപ്പറ്റിയും വിശദീ‍കരിച്ചു തരാന്‍ ദേവ് മറന്നില്ല.
ബോട്ട് ജെട്ടിയില്‍ ഞങ്ങള്‍ നേരത്തെ വന്ന ബോട്ട് കാത്തു നില്‍പ്പുണ്ട്. ഉച്ചഭക്ഷണത്തിനായി കിലിം നദിയില്‍ തന്നെയുള്ള മറ്റൊരു സ്ഥലത്തേക്ക് പോകണം. Hole in the Wall എന്നാണ് ആ റെസ്റ്റോറന്റിന്റെ പേര്! അതിനടുത്തു തന്നെയുള്ള ഒരു പാറക്കെട്ടില്‍ രൂപം കൊണ്ടിരിക്കുന്ന പ്രകൃതിജന്യമായ ഒരു തുരങ്കമാണത്രെ ഈ പേരിനാധാരം! നദിക്കു നടുവില്‍ കെട്ടിയുണ്ടാക്കിയ ഒരു മരത്തിന്റെ പ്ലാറ്റ്ഫോമിലാണ് ഈ ഭോജന ശാല സ്ഥിതി ചെയ്യുന്നത്. അതൊരു റെസ്റ്റോറന്റ് മാത്രമല്ല; 80 ഓളം തരത്തില്‍ പെട്ട മത്സ്യങ്ങളെ സൂക്ഷിച്ചിരിക്കുന്ന ഒരു ഫിഷ് ഫാം കൂടിയാണ്. ഏത് വേണമെന്ന് ചുണ്ടിക്കാണിച്ചു കൊടുത്താല്‍ മാത്രം മതി! അര മണിക്കൂറിനകം കൊതിയൂറുന്ന വിഭവം തയ്യാര്‍!




എനിക്കു പ്രിയപ്പെട്ട ടോം യാം സൂപ്പിന്റെ അകമ്പടിയോടെ വന്ന വിഭവ സ‌മൃദ്ധമായ ഭക്ഷണം അതീവ രുചികരമായിരുന്നു. ഭക്ഷണത്തിനു ശേഷം ഞങ്ങള്‍ ഫിഷ് ഫാമിലേക്ക് നീങ്ങി. മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത് കാണാന്‍. Sting Ray, Puffer തുടങ്ങിയ മത്സ്യങ്ങള്‍ക്ക് തീറ്റ കൊടുക്കുന്നത് കൌതുകകരമായ ഒരു കാഴ്ച തന്നെ!

ഹോള്‍ ഇന്‍ ദ വോളില്‍ നിന്നും ഞങ്ങള്‍ യാത്ര തിരിച്ചു. രാവിലെ കണ്ട ബോട്ട് ജെട്ടിയില്‍ എത്തിച്ചേരാന്‍ അധികം സമയമെടുത്തില്ല. പോകും വഴി ദേവ് അദ്ദേഹത്തിന്റെ മറ്റ് അഡ്‌വെഞ്ച്വര്‍ ട്രിപ്പുകളെ പറ്റി വിശദീകരിച്ചു. ട്രെക്കിങ്ങിനും, മോണിംഗ് വാക്കിങ്ങിനും പോകണമെന്നുള്ളവര്‍ക്ക് ചൊവ്വാഴ്ചയോ, ഞായറാഴ്ചയോ ദേവിന്റെ കൂടെ കൂടാം. മറ്റു ചില ദിവസങ്ങളില്‍ നൈറ്റ് സഫാരിയുമുണ്ട്. അദ്ദേഹം ഇതിനെക്കുറിച്ചൊക്കെ വിശദമായി സ്വന്തം വെബ്സൈറ്റില്‍ വിശദീകരിച്ചിട്ടുണ്ട്.
(തുടരും..)

8 comments:

മി | Mi 31 March 2009 at 16:26  

ലങ്കാ‍വി ചരിതം നാലാം ഭാഗം..

Zebu Bull::മാണിക്കൻ 31 March 2009 at 17:38  

രസിച്ചു വായിക്കുന്നുണ്ട് ഈ യാത്രാവിവരണം...

പകല്‍കിനാവന്‍ | daYdreaMer 31 March 2009 at 22:20  

നന്നായിട്ടുണ്ട് ഈ വിവരണം...

മി | Mi 1 April 2009 at 14:10  

Zebu Bull::മാണിക്കന്‍, ...പകല്‍കിനാവന്‍...daYdreamEr... Thanks a lot..

പാഞ്ചാലി 1 April 2009 at 18:10  

അടുത്തലക്കങ്ങളില്‍ കമന്റ്റ് കണ്ടില്ലെങ്കിലും വായിക്കുന്നുണ്ട് എന്ന് കരുതിക്കോളുക.
:)

പാവപ്പെട്ടവൻ 2 April 2009 at 02:53  

നല്ല വായന സുഖം തരുന്നു പ്രതീക്ഷയോടെ അഭിവാദ്യങ്ങള്‍

വിന്‍സ് 6 April 2009 at 05:37  

excellent....next part udaney ezhuthumallo alley.

മി | Mi 8 April 2009 at 20:06  

പാഞ്ചാലി, പാവപ്പെട്ടവന്‍, വിന്‍സ്.. ഒരു പാടു നന്ദി.