Saturday, 25 April 2009

ലങ്കാവി - ഭാഗം 7

(ഭാഗം 6 ല്‍ നിന്നും തുടര്‍ച്ച)


പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ കുറച്ചു വൈകി. പ്രഭാത ഭക്ഷണം കഴിഞ്ഞു മുറിയില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തു. ബാഗുകളൊക്കെ കാറിലെടുത്തു വെച്ചു. പോകണമെന്നുദ്ദേശിച്ച ഒരു പാട് സ്ഥലങ്ങള്‍ ഇനിയും ബാക്കിയാണ്. അണ്ടര്‍ വാട്ടര്‍ വേള്‍ഡ് (Under Water World) തന്നെയാകട്ടെ ആദ്യം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മറൈന്‍ ആന്‍ഡ് ഫ്രെഷ് വാട്ടര്‍ അക്വേറിയകളിലൊന്നാണ് അണ്ടര്‍ വാട്ടര്‍ വേള്‍ഡ്. 4000 ഇനങ്ങളിലുള്ള മത്സ്യങ്ങളെയും, 500 ല്‍ പരം മറ്റ് കടല്‍/കര ജീവികളെയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (2007 ല്‍ ഉണ്ടായ ഒരു വിഷബാധയില്‍ ഇവിടുത്തെ600ല്‍ പരം ജീവികള്‍ കൊല്ലപ്പെട്ടു)

ഹെക്സഗണല്‍ ആകൃതിയിലുള്ള ഒരു ഗ്ലാസ് തുരങ്കമാണിവിടുത്തെ ഹൈലൈറ്റ്. പല സെക്ഷനുകളായാണ് എക്സിബിറ്റുകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. Sub Antartic സെക്ഷനില്‍ അപൂര്‍വമായ റോക്ക് ഹോപ്പര്‍ പെന്‍‌ഗ്വിനുകളെ കാണാം.Temperate സെക്ഷനില്‍ സതേണ്‍ ഫര്‍ സീല്‍, ആഫ്രിക്കന്‍ പെന്‍‌ഗ്വിന്‍ തുടങ്ങിയവയുണ്ട്. Fresh Water, Marine സെക്ഷനുകള്‍ വളരെ വിശാലവും വലുതുമാണ്. ആയിരക്കണക്കിന് എക്സിബിറ്റുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.


സൌത്ത് ഈസ്റ്റ് ഏഷ്യ, ആമസോണ്‍, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധതരം Garfish, Catfish, Matamata, Sting Ray, Turtles, Alligators തുടങ്ങിയവയെ ഇവിടെ കാണാം. ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ Arapaima യും ഇവിടുണ്ട്.ഇത്രയൊക്കെ എക്സിബിറ്റുകള്‍ ഉണ്ടായിട്ടും അവയെ പരിപാലിക്കുന്ന രീതിയില്‍ എനിക്കത്ര തൃപ്തി തോന്നിയില്ല. പ്രത്യേകിച്ച് പെന്‍‌ഗ്വിനുകളുടെ സെക്‍ഷന്‍. അവയുടെ കൂടുകള്‍ വൃത്തിയാക്കുന്നയാള്‍ ഭക്ഷണാവശിഷ്ടങ്ങളൊക്കെ കഴുകി കൂട്ടിനകത്തു തന്നെയുള്ള വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നത് കാണാമായിരുന്നു. ബീവറുകള്‍ വളരെ ആക്‍ടിവ് ആയ ഒരു ജീവിയാണ്. അതിനൊന്ന് ഓടി നടക്കാന്‍ പോലും സ്ഥലമില്ലാതെയാണ് കൂടുകള്‍ ഒരുക്കിയിരിക്കുന്നത്.


അണ്ടര്‍ വാട്ടര്‍ വേള്‍ഡില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഞാന്‍ പോയത് ബേര്‍ഡ് പാരഡൈസിലേക്കാ‍ണ്. കുവാ ടൌണിന്റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന പക്ഷികളുടെ ഈ സ്വര്‍ഗം, ചെറുതെങ്കിലും കണ്ടിരിക്കേണ്ടതാണ്.
വൈകിട്ട് 5 മണിക്കാണ് എന്റെ ഫ്ലൈറ്റ്. സമയം 2 മണിയായിരിക്കുന്നു. ഞാന്‍ എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു. വഴിവക്കില്‍ കണ്ട ഒരു തട്ടു കട പോലെയുള്ള റെസ്റ്റോറന്റില്‍ നിര്‍ത്തി ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലീഷ് അറിയാത്ത ആ കടയുടമയോട് ആംഗ്യഭാഷതന്നെ വേണ്ടി വന്നു, സംവദിക്കാന്‍! തിരിച്ച് എയര്‍പോര്‍ട്ടിലെത്തി. കാറിന്റെ കീ കൌണ്ടറില്‍ ഏല്‍പ്പിച്ചു. സമയക്കുറവു മൂലം കാണാനാവാതെ പോയ സ്ഥലങ്ങളെക്കുറിച്ചായിരുന്നു അപ്പോള്‍ എന്റെ വിഷമമത്രയും. അതില്‍ പ്രധാനപ്പെട്ടവ:

1. Mahsuri യുടെ ശവകുടീരം (Makam Mahsuri). 1800 കളില്‍ ജീവിച്ചിരുന്ന ലങ്കാവിയുടെ നായികയായിരുന്നത്രേ മഹ്‌സുരി. ദുര്‍മരണപ്പെട്ട മഹ്‌സുരിയുടെ ശാപം തലമുറകളായി തങ്ങളെ പിന്തുടരുന്നു എന്ന് ദ്വീപ് നിവാസികള്‍ വിശ്വസിക്കുന്നു. പാരീസിന് ഐഫല്‍ ടവര്‍ എത്ര പ്രധാനമാണോ, അത്രയും പ്രാധാന്യമുള്ള ചരിത്ര സ്മാരകമാണ് ലങ്കാവിക്ക് മഹ്‌സുരിയുടെ കുടീരം.

2. തെലാഗ തുജു (Seven Wells) വെള്ളച്ചാട്ടം. മച്ചിന്‍‌ചാംഗ് മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള ഭാഗത്തിന് ആഴം കുറവായതിനാല്‍ ഇവിടെ കുളിക്കുകയും നീന്തുകയും ചെയ്യാം. സാരമില്ല; അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളതു കൊണ്ട് ഇതൊരു നഷ്ടമാവാനിടയില്ല!

സമയമുണ്ടെങ്കില്‍ പാരഗ്ലൈഡിംഗിനും, സ്പാ യിലും പോകണമെന്നുണ്ടായിരുന്നു. 3 ദിവസങ്ങള്‍ തികച്ചും അപര്യാപ്തം തന്നെ. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക്, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ലങ്കാവി. തീര്‍ച്ചയായും ഇനിയൊരിക്കല്‍ കൂടെ ഞാനിവിടെ വരും.

ഫ്ലൈറ്റ് പുറപ്പെടാറായി. ഇനി അടുത്ത മൂന്ന് ദിവസങ്ങള്‍ ക്വാല ലം‌പൂരിലാണ്. അതിനായി മനസ്സ് തയ്യാറെടുത്തു കഴിഞ്ഞു! Salamat Jalan Langkawi!

ഉപയോഗപ്രദമായ കുറച്ചു ലിങ്കുകള്‍:

ലങ്കാവിയെ പറ്റിയും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍: http://www.langkawi-online.com/

ഹോട്ടലുകളെപ്പറ്റിയും മറ്റ് ട്രാവല്‍ ഇന്‍ഫോര്‍മേഷനുകളെപ്പറ്റിയും അറിയാന്‍:

റിവ്യൂകള്‍ വായിക്കാന്‍:

ദേവ് അഡ്‌വെഞ്ച്വര്‍ ട്രിപ്പുകളെ പറ്റി അറിയാന്‍ :

പുലാവു പയാര്‍ മറൈന്‍ പാര്‍ക്കിനെ പറ്റി അറിയാന്‍:
അണ്ടര്‍ വാട്ടര്‍ വേള്‍ഡിനെ പറ്റി അറിയാന്‍:

ലങ്കാവിയിലെ റെസ്റ്റോറന്റുകളെപ്പറ്റി അറിയാന്‍: http://www.virtualtourist.com/travel/Asia/Malaysia/Negeri_Kedah/Pulau_Langkawi-1282739/Restaurants-Pulau_Langkawi-BR-1.html

(അവസാനിച്ചു)