Thursday 19 March 2009

ലങ്കാവി - ഭാഗം 1

The world is a book. And those who do not travel read only a page" - Saint Augustine

സൌത്ത് ഈസ്റ്റ് ഏഷ്യ എന്നെ എപ്പോഴും കൊതിപ്പിച്ചിരുന്ന ഒരു പ്രദേശമാണ്. പ്രകൃതി ഭംഗി കൊണ്ടു മാത്രമല്ല; ചരിത്രപരമായും സാംസ്കാരികപരമായും ഇവിടുത്തെ രാജ്യങ്ങള്‍ മറ്റ് ലോക രാജ്യങ്ങളില്‍ നിന്നു ഒരു പാട് വ്യത്യസ്തമാണ്. എഞ്ചിനീയറിംഗ് പഠനം കഴിഞ്ഞ് കൂട്ടുകാരെല്ലാം ഗള്‍ഫ് രാജ്യങ്ങളിലേക്ക് പറന്നപ്പോള്‍ ഞാന്‍ സിംഗപ്പൂരിലോ, മലേസ്യയിലോ ഒരു ജോലിക്കായി ശ്രമിക്കുകയായിരുന്നു. (അത് നടക്കാത്ത സ്വപ്നമായി അവശേഷിച്ചു എന്നത് വേറെ കാര്യം!). എങ്കിലും ഒരു വട്ടമെങ്കിലും അവിടം സന്ദര്‍ശിക്കുക എന്നത് ഒരു സ്വപ്നമായി കൊണ്ടു നടക്കുകയായിരുന്നു.

സാധാരണയായി അമിത ജോലി സമ്മര്‍ദ്ദമുണ്ടാകുമ്പോള്‍ ഞാന്‍ ചെയ്യുന്ന ഒരു കാര്യമുണ്ട്. ലീ‍വ് എടുത്ത് എവിടെയെങ്കിലും പോകുക! അങ്ങനെ ഒരു ഹോളിഡേ മൂഡില്‍ ഇരിക്കുമ്പോഴാണ് ട്രിപ് അഡ്‌വൈസര്‍ എന്ന വെബ് സൈറ്റ് വഴി ഞാന്‍ മലേസ്യയുടെ ഭാഗമായ ലങ്കാവി ദ്വീപിനെ (Pulau Langkawi) പ്പറ്റി അറിയുന്നത്. സത്യത്തില്‍ ഇത് ഒരു ദ്വീപല്ല; 99 ദ്വീപുകള്‍ ചേര്‍ന്ന ഒരു ദ്വീപ സമൂഹമാണ്. കേദ (Kedah) സ്റ്റേറ്റിന്റെ ഭാഗമായ ഈ ദ്വീപുകള്‍ മലേസ്യയുടെ വടക്കു പടിഞ്ഞാറന്‍ തീരത്തു നിന്നും ഏതാണ്ട് 30 കിലോമീറ്റര്‍ മാറി ആന്‍ഡമാന്‍ കടലില്‍ സ്ഥിതി ചെയ്യുന്നു. ഒരു കാലത്ത് മലാക്കന്‍ കടലിടുക്കിലെ (Strait of Malacca) കടല്‍ക്കൊള്ളക്കാരുടെ താവളമായിരുന്ന ഈ ദ്വീ‍പ് ഇന്ന് സഞ്ചാരികളുടെ പറുദീസയാണ്. അതിമനോഹരമായ കടല്‍ത്തീരങ്ങളാലും പ്രകൃതി ഭംഗിയാലും അനുഗ്രഹീതമായ ഈ സ്ഥലത്തെപ്പറ്റി യാത്രാപ്രിയരായ ചില സഹപ്രവര്‍ത്തകരോട് ചോദിച്ചപ്പോള്‍ നിരാശയായിരുന്നു ഫലം. പലരും അങ്ങനെ ഒരു സ്ഥലത്തെ പറ്റി കേട്ടിട്ടില്ല! കേട്ടവരാകട്ടെ അവിടെ പോയിട്ടുമില്ല. ഏതായാലും ഇന്റര്‍നെറ്റ് വഴിലഭിച്ച അറിവു വെച്ച് ഞാന്‍ അവിടെ പോകാന്‍ തന്നെ തീരുമാനിച്ചു. ഒരാഴ്ച ചെലവിട്ട് കിട്ടാവുന്നിടത്തു നിന്നൊക്കെ ലങ്കാവിയെപ്പറ്റി ലേഖനങ്ങളും റിവ്യൂകളും സംഘടിപ്പിച്ച് വായിച്ചു. എന്റെ തീരുമാനം ശരി വെക്കുന്നതായിരുന്നു എല്ലാം.
ഇനി യാത്രക്കായി ഒരുങ്ങണം. ആദ്യം ഏതെങ്കിലും ട്രാ‍വല്‍‌ ഏജന്‍സിയുടെ പാക്കേജ് മുഖേന പോകാനായിരുന്നു പ്ലാന്‍. ഒന്നു രണ്ടു ഏജന്‍സികളില്‍ അന്വേഷിച്ചപ്പോള്‍ അന്യായമായ ചാര്‍ജ് ആണ് അവരീടാക്കുന്നതെന്നു മനസിലായി. എങ്കില്‍ എന്തു കൊണ്ട് എനിക്കു സ്വയം പ്ലാന്‍ ചെയ്തു കൂടാ? ഒരു റിസ്ക് ഉണ്ടാവുമ്പോളല്ലേ എല്ലാത്തിലും ഒരു രസമുള്ളൂ!

ആദ്യം വേണ്ടത് വിസ. ലാംസി പ്ലാസയ്ക്കു സമീപമുള്ള മലേസ്യന്‍ കോണ്‍സ്യുലേറ്റിലാണ് സന്ദര്‍ശക വിസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. അതിനായി ആദ്യം യാത്രാ ടിക്കറ്റുകളും, ഹോട്ടല്‍ ബുക്കിങ്ങിന്റെ ഡീറ്റയില്‍‌സും, ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നുള്ള No Objection Letter ഉം സംഘടിപ്പിക്കണം. ലെറ്റര്‍ രണ്ട് ദിവസത്തിനകം കിട്ടി. ഗൂ‍ഗിള്‍ എര്‍ത്തിന്റെയും, സന്ദര്‍ശകരുടെ റിവ്യൂകളുടെയും സഹായത്താല്‍ ഹോട്ടലും ബുക്ക് ചെയ്തു. ഇനി ഫ്ലൈറ്റ് ടിക്കറ്റുകളാണ്. ഇന്റര്‍നെറ്റിന്റെ സഹായത്തോടെ ഏറ്റവും ചീപ്പ് ആയ ടിക്കറ്റ് തന്നെ ബുക്ക് ചെയ്തു. വിസ കിട്ടാന്‍ വെറും ഒരു ദിവസമേ എടുത്തുള്ളൂ. രണ്ടു ദിവസം ചിലവഴിച്ച് പോകേണ്ട സ്ഥലങ്ങളൊക്കെ അടയാളപ്പെടുത്തി വിശദമായ ഒരു മാപ്പും, ട്രാവല്‍ പ്ലാനും തയ്യാറാക്കി. 3 ദിവസത്തെ പ്ലാന്‍. ഇനി ബാക്കിയുള്ളത് ഷോപ്പിംഗ് ആണ്. കുറച്ചു കാഷ്വല്‍ ഡ്രെസ്സുകള്‍, സ്വിമ്മിംഗ് കോസ്റ്റ്യൂം, സണ്‍ സ്ക്രീന്‍ ലോഷന്‍ പിന്നെ ഒരു ജോഡി ഫ്ലിപ് ഫ്ലോപ്. കഴിഞ്ഞു!

ഓഗസ്റ്റ് 14 ആണ് യാത്രാദിനം. എന്റെ യാത്ര ആരംഭിക്കുന്നത് ഷെയ്ക്ക് സായിദ് റോഡിലെ ചെല്‍‌സി ടവറില്‍ നിന്നുമാണ്. അവിടെയാണ് എനിക്കു യാത്ര ചെയ്യേണ്ട എത്തിഹാദ് എയര്‍വേയ്‌സിന്റെ ഓഫീസ്. അബുദാബിയില്‍ നിന്നാ‍ണ് ഫ്ലൈറ്റെങ്കിലും ദുബായില്‍ സിറ്റി ചെക്ക് ഇന്‍ സൌകര്യം ഉണ്ട്. ചെക്ക് ഇന്‍ കഴിഞ്ഞ ശേഷം അവരുടെ ബസ്സില്‍ അബുദാബി എയര്‍പോ‍ര്‍ട്ടില്‍ വന്നിറങ്ങി. പുലര്‍ച്ചെ 2.45 നാണ് ക്വാല ലം‌പൂരിലേക്കുള്ള എന്റെ ഫ്ലൈറ്റ്. ഇനിയും ഇഷ്ടം പോലെ സമയമുണ്ട്. വെക്കേഷന്‍ സമയമായതു കൊണ്ടാണെന്നു തോന്നുന്നു, ചെക്ക് ഇന്‍ കൌണ്ടറുകളിലൊക്കെ നല്ല തിരക്ക്. മാത്രമല്ല, ദീര്‍ഘ ദൂര വിമാനങ്ങള്‍ മിക്കവയും പുറപ്പെടുന്നത് പാതിരാത്രിയാണ്. ദുബായില്‍ വെച്ച് ചെക്ക് ഇന്‍ ചെയ്തത് നന്നായെന്ന് എനിക്കു തോന്നി. ആള്‍ക്കൂട്ടത്തിനിടയിലൂടെ ഞാന്‍ പതുക്കെ അകത്തേക്ക് ഊളിയിട്ടു. എമിഗ്രേഷന്‍ ക്ലിയറന്‍സ് ഒക്കെ കഴിഞ്ഞ് ഡിപ്പാര്‍ച്ചര്‍ ഏരിയയില്‍ എത്തി. മുമ്പില്‍ കണ്ട ഒരു കറന്‍സി എക്സ്‌ചേഞ്ച് കൌണ്ടറില്‍ നിന്നും കയ്യിലുള്ള ദിര്‍ഹമൊക്കെ യു.എസ്. ഡോളറാക്കി മാറ്റി. ആവശ്യമുള്ളപ്പോള്‍ ലോക്കല്‍ കറന്‍സി ആക്കിയാല്‍ മതിയല്ലോ. താഴത്തെ നിലയില്‍ മുഴുവന്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ആണ്. പ്രത്യേകിച്ചൊന്നും വാങ്ങാനില്ലായിരുന്നെങ്കിലും, സമയം കളയാന്‍ വേണ്ടി ഞാന്‍ ഷോപ്പുകള്‍ കയറിയിറങ്ങി നടന്നു. ഒടുവില്‍ എന്റെ ഫ്ലൈറ്റ് അനൌണ്‍സ്‌മെന്റ് വന്നു.

യാത്ര ആരംഭിച്ചു. ക്വാല ലം‌പൂരില്‍ എത്താന്‍ ഇനിയും 7മണിക്കൂര്‍ എടുക്കും. രണ്ട് കോണ്യാക് കഴിച്ച് ഒന്നു മയങ്ങാന്‍ തുടങ്ങിയപ്പോഴേക്കും അടുത്ത സീറ്റില്‍ നിന്ന് ഒരു കൊച്ചു കുഞ്ഞ് നിര്‍ത്താതെ കരച്ചില്‍ തുടങ്ങി. ഇന്നിനി ഉറക്കം കിട്ടില്ലെന്ന് മനസ്സിലായി. മുമ്പിലെ ടി വി സ്ക്രീനിലെ സിനിമകള്‍ പരിശോധിച്ചപ്പോള്‍ ഒട്ടു മിക്കതും കണ്ടവയാണ്. എനിക്ക് ഒരുപാട് ഇഷ്ടമായ Gone with the wind എന്ന ചിത്രം കണ്ടു തുടങ്ങി. പകുതി വഴിക്കെപ്പൊഴോ ഞാന്‍ ഉറങ്ങി.

ക്വാല ലം‌പൂരിലെ റണ്‍‌വേയില്‍ വിമാനം ഇടിച്ചിറങ്ങിയപ്പോഴാണ് ഞാന്‍ ഉണര്‍ന്നത്. ലോക്കല്‍ സമയം ഉച്ച തിരിഞ്ഞ് 12.30. ഇമിഗ്രേഷനും, ബാഗേജ് കലക്ഷനും കഴിഞ്ഞു. ഇനി ഡൊമെസ്റ്റിക് ടെര്‍മിനലിലേക്ക് പോകണം. അവിടെ നിന്നാണ് ലങ്കാവിയിലേക്കുള്ള മലേസ്യന്‍ എയര്‍ലൈന്‍സിന്റെ വിമാനം പുറപ്പെടുന്നത്.. ഇന്റര്‍ ടെര്‍മിനല്‍ കോച്ചിന്റെ സഹായത്താല്‍ 2 മിനുട്ടു കൊണ്ട് ഡൊമെസ്റ്റിക് ടെര്‍മിനലില്‍ എത്തി. എന്റെ ഫ്ലൈറ്റിന്റെ സമയം ആയിരിക്കുന്നു. കയ്യിലുള്ള കുറച്ചു ഡോളര്‍ മലേസ്യന്‍ റിംഗറ്റിലേക്ക് മാറ്റി. (1 റിംഗറ്റ് (RM) = ഏകദേശം 12 രൂപ). സെല്‍ഫ് ചെക്ക് ഇന്‍ ഉണ്ടായിരുന്നത് കൊണ്ട് വൈകാതെ വിമാനത്തിലെത്തി. യാത്രയ്ക്ക് വെറും 50 മിനുട്ട് മാത്രമേ എടുത്തുള്ളൂ. വിമാനത്തിലിരുന്നു കൊണ്ട് ഞാന്‍ താഴെയുള്ള കടലിന്റെയും കൊച്ചു ദ്വീപുകളുടെയും ഭംഗി ആസ്വദിച്ചു.

വളരെ ചെറിയ ഒരു എയര്‍പോര്‍ട്ടാണ് ലങ്കാവിയിലേത്. പുറത്തിറങ്ങിയതും ശുദ്ധമായ തണുത്ത വായു എന്റെ മുഖത്തേക്കടിച്ചു. ഓക്സിജന്‍! കൂടെ ഇറങ്ങിയവരൊക്കെ എയര്‍പോര്‍ട്ടിന്റെയും ദൂരെയുള്ള മലനിരകളുടെയും ഫോട്ടോ എടുക്കുകയാണ്. ഞാനും എന്റെ ക്യാമറ തുറന്നു. എയര്‍ഫീല്‍ഡില്‍ വെച്ച് ഫോട്ടോ എടുക്കുന്നതു കൊണ്ട് ഇവിടെ പ്രശ്നമില്ലെന്നു തോന്നുന്നു. ഷാര്‍ജ എയര്‍സൈഡില്‍ ഒരു ഫോട്ടോ എടുക്കാനുള്ള പെര്‍മിഷനു വേണ്ടി രണ്ടാഴ്ചയോളം നെട്ടോട്ടമോടിയത് ഞാന്‍ ഓര്‍ത്തു!



മുമ്പിലുള്ള ചെറിയ കെട്ടിടമാണ് ടെര്‍മിനല്‍. 'സലാമത് ദതംഗ്' (Salamat Datang - Welcome) എന്ന് വലിയ അക്ഷരങ്ങളില്‍ എഴുതി വെച്ചിരിക്കുന്നു.

എയര്‍പോര്‍ട്ട് ഏതാണ്ട് വിജനമാണ്. ബാഗുകള്‍ എടുത്തു കൊണ്ട് പുറത്തേക്കുള്ള വാതില്‍ ലക്ഷ്യമാക്കി നീങ്ങി. ആദ്യത്തെ ലക്ഷ്യം വാടകയ്ക്ക് ഒരു കാര്‍ എടുക്കുക എന്നതാണ്. ലങ്കാവിയില്‍ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് ഇല്ലെന്നു തന്നെ പറയാം. ആകെ ഉള്ളത് ടാക്സി ആണ്. ഒരു പാട് സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങാനുള്ളതിനാല്‍ ടാക്സി മുതലാവില്ല! പുറത്തേക്കുള്ള കവാടത്തിനടുത്തു തന്നെ നിരവധി Rent a Car കൌണ്ടറുകളുണ്ട്. ഏതെങ്കിലും ഒരു രാജ്യത്തെ ഡ്രൈവിംഗ് ലൈസന്‍സ് കാണിച്ചാല്‍ കാര്‍ വാടകയ്ക്ക് കിട്ടും. ഒരാളുമായി വില പേശലിനൊടുവില്‍ ദിവസത്തേക്ക് 70 RM നിരക്കില്‍ ഒരു Proton Waja കാര്‍ സംഘടിപ്പിച്ചു. ഓട്ടോമാറ്റിക് ആണ്. റൈറ്റ് ഹാന്‍ഡ് ഡ്രൈവ്. 3 ദിവസത്തേക്ക് ഇത് ധാരാളം.ഇതിലും ചീപ്പ് ആയി ബൈക്കും അതേ കൌണ്ടറില്‍ കിട്ടും. പക്ഷേ, അപ്രതീക്ഷിതമായി മഴ പെയ്യുന്ന കാലാവസ്ഥയുള്ള ലങ്കാവിയില്‍ ബൈക്കില്‍ പോകാതിരിക്കുന്നതാണ് ഉചിതം. ഈ കൌണ്ടറുകളില്‍ നിന്നു തന്നെ ലങ്കാവിയുടെ മാപ്പുകളും, ഇന്‍ഫോര്‍മേഷന്‍ ബ്രോഷറുകളും കിട്ടും.

(തുടരും.. കൂടുതല്‍ ചിത്രങ്ങളോടെ...)

8 comments:

മി | Mi 20 March 2009 at 02:15  

വായനക്കാരനായി ഇവിടെ കുറച്ചു കാലമായി ഉണ്ടായിരുന്നെങ്കിലും, എന്റെ ആദ്യത്തെ പോസ്റ്റാണ്. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ ദയവായി പറഞ്ഞു തരിക.

ഒരു വര്‍ഷം മുമ്പു നടത്തിയ ഒരു യാത്രയെക്കുറിച്ചുള്ള ഓര്‍മകാളവട്ടെ ആദ്യം നിങ്ങളുമായി പങ്കു വെക്കുന്നത്..

prasoon 22 March 2009 at 14:47  

ethu vare kalakkan,expecting more photos with the writeup

പാഞ്ചാലി 24 March 2009 at 03:02  

എഴുത്തു തുടരട്ടെ! കുറ്റവും കുറവും തീ‍ര്‍ത്തെഴുതാനാണെങ്കില്‍ മിക്കവരും എഴുത്തു നിര്‍ത്തി പോയേനെ...
:)

വിന്‍സ് 29 March 2009 at 07:27  

വൌ കൊള്ളാം കേട്ടൊ മൊനേ ദിനേശാ.......മലേസ്യ എന്നാണോ മലേഷ്യ എന്നാണോ?? കൊഞ്ഞപ്പൊന്നും ഇല്ലല്ലോ അല്ലേ :)

മി | Mi 29 March 2009 at 09:25  

prasoon, Panchali: thanks a lot!

വിന്‍സേ, മലേസ്യ എന്നാണ് അവിടുള്ളോര്‍ പറയുന്നത്. അപ്പോ അതായിരിക്കണമല്ലോ ശരി! Thanks for the visit and comments..

നിരക്ഷരൻ 1 April 2009 at 17:53  

ആഷ്‌ലിയാണ് ഈ ബ്ലോഗിന്റെ ലിങ്ക് തന്നത്. ഒന്നുമുതല്‍ എല്ലാ പോസ്റ്റും വായിക്കാന്‍ ഞാന്‍ വീണ്ടും വരാം. ഇപ്പോള്‍ ഉറക്കം വരുന്നു. ഇന്നലെ മുഴുവന്‍ യാത്രയിലായിരുന്നു. താങ്കളുടെ ഈ ബ്ലോഗിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ ഇട്ടിട്ടുണ്ട്. വിരോധം ഉണ്ടാകില്ലെന്ന് കരുതുന്നു.

സസ്നേഹം
-നിരക്ഷരന്‍
(അന്നും , ഇന്നും, എപ്പോഴും)

മി | Mi 8 April 2009 at 20:09  

നിരൂ,

മറുപടി വൈകിയതില്‍ ക്ഷമാപണം! ഇവിടം വരെ വന്നതിന് ഒരു പാട് നന്ദി.. താങ്കളുടെ ബ്ല്ലോഗില്‍ ലിങ്ക് ഇട്ടതിനു വളരെ വളരെ നന്ദി! (ഇനിയെങ്കിലും ഇവിടെ നാലാളു കേറട്ടെ!)

നിരക്ഷരൻ 12 May 2009 at 00:40  

മി

പറയാനുള്ളത് ഇവിടെ പറയാം.എനിക്ക് ഈയടുത്ത് എന്റെ ബ്ലോഗിന്റെ ടെംബ്ലേറ്റ് മാറ്റാനുള്ള ശ്രമത്തിനിടയില്‍ എന്റെ ഗാഡ്‌ഗെസ്റ്റ് എല്ലാം നഷ്ടമായി. ബ്ലോഗ് മൊത്തതില്‍ കുളമായെന്ന് വേണമെങ്കില്‍ പറയാം. അതൊക്കെ തിരിച്ച് പിടിക്കാനുള്ള ശ്രമത്തിനിടയില്‍ താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് മാത്രം കണ്ടുപിടിക്കാനായില്ല. ഇന്ന് എനിക്ക് വീണ്ടും താങ്കളുടെ ഒരു കമന്റ് കിട്ടിയപ്പോഴാണ് ആ പ്രശ്നം തീര്‍ന്നത്. ഞാന്‍ വീണ്ടും ഈ ബ്ലോഗിന്റെ ലിങ്ക് ഇട്ടിട്ടുണ്ട്.ഈ കാ‍രണം കൊണ്ടാണ് കുറച്ച് ദിവസം താങ്കളുടെ ബ്ലോഗിന്റെ ലിങ്ക് എന്റെ ബ്ലോഗില്‍ നിന്ന് പോയത്. മനസ്സിലാക്കുമല്ലോ, ക്ഷമിക്കുമല്ലോ ?

എന്തായാലും മെയില്‍ ഐ.ഡി.ഒന്ന് അയച്ചേക്കൂ മാഷേ .

സസ്നേഹം
-നിരക്ഷരന്‍