Saturday, 25 April 2009

ലങ്കാവി - ഭാഗം 7

(ഭാഗം 6 ല്‍ നിന്നും തുടര്‍ച്ച)


പിറ്റേന്ന് എഴുന്നേറ്റപ്പോള്‍ കുറച്ചു വൈകി. പ്രഭാത ഭക്ഷണം കഴിഞ്ഞു മുറിയില്‍ നിന്നും ചെക്ക് ഔട്ട് ചെയ്തു. ബാഗുകളൊക്കെ കാറിലെടുത്തു വെച്ചു. പോകണമെന്നുദ്ദേശിച്ച ഒരു പാട് സ്ഥലങ്ങള്‍ ഇനിയും ബാക്കിയാണ്. അണ്ടര്‍ വാട്ടര്‍ വേള്‍ഡ് (Under Water World) തന്നെയാകട്ടെ ആദ്യം. ഏഷ്യയിലെ തന്നെ ഏറ്റവും വലിയ മറൈന്‍ ആന്‍ഡ് ഫ്രെഷ് വാട്ടര്‍ അക്വേറിയകളിലൊന്നാണ് അണ്ടര്‍ വാട്ടര്‍ വേള്‍ഡ്. 4000 ഇനങ്ങളിലുള്ള മത്സ്യങ്ങളെയും, 500 ല്‍ പരം മറ്റ് കടല്‍/കര ജീവികളെയും ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. (2007 ല്‍ ഉണ്ടായ ഒരു വിഷബാധയില്‍ ഇവിടുത്തെ600ല്‍ പരം ജീവികള്‍ കൊല്ലപ്പെട്ടു)





ഹെക്സഗണല്‍ ആകൃതിയിലുള്ള ഒരു ഗ്ലാസ് തുരങ്കമാണിവിടുത്തെ ഹൈലൈറ്റ്. പല സെക്ഷനുകളായാണ് എക്സിബിറ്റുകളെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. Sub Antartic സെക്ഷനില്‍ അപൂര്‍വമായ റോക്ക് ഹോപ്പര്‍ പെന്‍‌ഗ്വിനുകളെ കാണാം.



Temperate സെക്ഷനില്‍ സതേണ്‍ ഫര്‍ സീല്‍, ആഫ്രിക്കന്‍ പെന്‍‌ഗ്വിന്‍ തുടങ്ങിയവയുണ്ട്. Fresh Water, Marine സെക്ഷനുകള്‍ വളരെ വിശാലവും വലുതുമാണ്. ആയിരക്കണക്കിന് എക്സിബിറ്റുകളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.






സൌത്ത് ഈസ്റ്റ് ഏഷ്യ, ആമസോണ്‍, ആഫ്രിക്ക, ഓസ്ട്രേലിയ തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള വിവിധതരം Garfish, Catfish, Matamata, Sting Ray, Turtles, Alligators തുടങ്ങിയവയെ ഇവിടെ കാണാം. ഏറ്റവും വലിയ ശുദ്ധജല മത്സ്യമായ Arapaima യും ഇവിടുണ്ട്.







ഇത്രയൊക്കെ എക്സിബിറ്റുകള്‍ ഉണ്ടായിട്ടും അവയെ പരിപാലിക്കുന്ന രീതിയില്‍ എനിക്കത്ര തൃപ്തി തോന്നിയില്ല. പ്രത്യേകിച്ച് പെന്‍‌ഗ്വിനുകളുടെ സെക്‍ഷന്‍. അവയുടെ കൂടുകള്‍ വൃത്തിയാക്കുന്നയാള്‍ ഭക്ഷണാവശിഷ്ടങ്ങളൊക്കെ കഴുകി കൂട്ടിനകത്തു തന്നെയുള്ള വെള്ളത്തിലേക്ക് ഒഴുക്കി വിടുന്നത് കാണാമായിരുന്നു. ബീവറുകള്‍ വളരെ ആക്‍ടിവ് ആയ ഒരു ജീവിയാണ്. അതിനൊന്ന് ഓടി നടക്കാന്‍ പോലും സ്ഥലമില്ലാതെയാണ് കൂടുകള്‍ ഒരുക്കിയിരിക്കുന്നത്.


അണ്ടര്‍ വാട്ടര്‍ വേള്‍ഡില്‍ നിന്നും ഇറങ്ങിയതിനു ശേഷം ഞാന്‍ പോയത് ബേര്‍ഡ് പാരഡൈസിലേക്കാ‍ണ്. കുവാ ടൌണിന്റെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന പക്ഷികളുടെ ഈ സ്വര്‍ഗം, ചെറുതെങ്കിലും കണ്ടിരിക്കേണ്ടതാണ്.




വൈകിട്ട് 5 മണിക്കാണ് എന്റെ ഫ്ലൈറ്റ്. സമയം 2 മണിയായിരിക്കുന്നു. ഞാന്‍ എയര്‍ പോര്‍ട്ടിലേക്ക് തിരിച്ചു. വഴിവക്കില്‍ കണ്ട ഒരു തട്ടു കട പോലെയുള്ള റെസ്റ്റോറന്റില്‍ നിര്‍ത്തി ഉച്ചഭക്ഷണം കഴിച്ചു. ഇംഗ്ലീഷ് അറിയാത്ത ആ കടയുടമയോട് ആംഗ്യഭാഷതന്നെ വേണ്ടി വന്നു, സംവദിക്കാന്‍! തിരിച്ച് എയര്‍പോര്‍ട്ടിലെത്തി. കാറിന്റെ കീ കൌണ്ടറില്‍ ഏല്‍പ്പിച്ചു. സമയക്കുറവു മൂലം കാണാനാവാതെ പോയ സ്ഥലങ്ങളെക്കുറിച്ചായിരുന്നു അപ്പോള്‍ എന്റെ വിഷമമത്രയും. അതില്‍ പ്രധാനപ്പെട്ടവ:

1. Mahsuri യുടെ ശവകുടീരം (Makam Mahsuri). 1800 കളില്‍ ജീവിച്ചിരുന്ന ലങ്കാവിയുടെ നായികയായിരുന്നത്രേ മഹ്‌സുരി. ദുര്‍മരണപ്പെട്ട മഹ്‌സുരിയുടെ ശാപം തലമുറകളായി തങ്ങളെ പിന്തുടരുന്നു എന്ന് ദ്വീപ് നിവാസികള്‍ വിശ്വസിക്കുന്നു. പാരീസിന് ഐഫല്‍ ടവര്‍ എത്ര പ്രധാനമാണോ, അത്രയും പ്രാധാന്യമുള്ള ചരിത്ര സ്മാരകമാണ് ലങ്കാവിക്ക് മഹ്‌സുരിയുടെ കുടീരം.

2. തെലാഗ തുജു (Seven Wells) വെള്ളച്ചാട്ടം. മച്ചിന്‍‌ചാംഗ് മലനിരകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളച്ചാട്ടത്തിന് താഴെയുള്ള ഭാഗത്തിന് ആഴം കുറവായതിനാല്‍ ഇവിടെ കുളിക്കുകയും നീന്തുകയും ചെയ്യാം. സാരമില്ല; അതിരപ്പള്ളി വെള്ളച്ചാട്ടം കണ്ടിട്ടുള്ളതു കൊണ്ട് ഇതൊരു നഷ്ടമാവാനിടയില്ല!

സമയമുണ്ടെങ്കില്‍ പാരഗ്ലൈഡിംഗിനും, സ്പാ യിലും പോകണമെന്നുണ്ടായിരുന്നു. 3 ദിവസങ്ങള്‍ തികച്ചും അപര്യാപ്തം തന്നെ. പ്രകൃതിയെ സ്നേഹിക്കുന്നവര്‍ക്ക്, പ്രകൃതിയോടിണങ്ങി ജീവിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് സന്ദര്‍ശിക്കാന്‍ ഏറ്റവും പറ്റിയ സ്ഥലമാണ് ലങ്കാവി. തീര്‍ച്ചയായും ഇനിയൊരിക്കല്‍ കൂടെ ഞാനിവിടെ വരും.

ഫ്ലൈറ്റ് പുറപ്പെടാറായി. ഇനി അടുത്ത മൂന്ന് ദിവസങ്ങള്‍ ക്വാല ലം‌പൂരിലാണ്. അതിനായി മനസ്സ് തയ്യാറെടുത്തു കഴിഞ്ഞു! Salamat Jalan Langkawi!

ഉപയോഗപ്രദമായ കുറച്ചു ലിങ്കുകള്‍:

ലങ്കാവിയെ പറ്റിയും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളെക്കുറിച്ചും കൂടുതല്‍ അറിയാന്‍: http://www.langkawi-online.com/

ഹോട്ടലുകളെപ്പറ്റിയും മറ്റ് ട്രാവല്‍ ഇന്‍ഫോര്‍മേഷനുകളെപ്പറ്റിയും അറിയാന്‍:

റിവ്യൂകള്‍ വായിക്കാന്‍:

ദേവ് അഡ്‌വെഞ്ച്വര്‍ ട്രിപ്പുകളെ പറ്റി അറിയാന്‍ :

പുലാവു പയാര്‍ മറൈന്‍ പാര്‍ക്കിനെ പറ്റി അറിയാന്‍:
അണ്ടര്‍ വാട്ടര്‍ വേള്‍ഡിനെ പറ്റി അറിയാന്‍:

ലങ്കാവിയിലെ റെസ്റ്റോറന്റുകളെപ്പറ്റി അറിയാന്‍: http://www.virtualtourist.com/travel/Asia/Malaysia/Negeri_Kedah/Pulau_Langkawi-1282739/Restaurants-Pulau_Langkawi-BR-1.html

(അവസാനിച്ചു)

Sunday, 19 April 2009

ലങ്കാവി - ഭാഗം 6

(ഭാഗം 5 ല്‍ നിന്നും തുടര്‍ച്ച)



രാവിലെ പതിവു പോലെ നേരത്തെ ഉണര്‍ന്നു. ഇന്ന് മോണിംഗ് വാക്കിനുള്ള സമയമില്ല. 7 മണിക്ക് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ 'കോറല്‍ ഐലന്റ്' എന്ന ട്രിപ് ഏജന്‍സിയില്‍ നിന്നും ആള്‍ വരും. പ്രധാന ദ്വീപില്‍ നിന്നും ഒട്ടു മാറി സ്ഥിതി ചെയ്യുന്ന പയാര്‍ (Pulau Payar) എന്ന ദ്വീപിലേക്കാണ് ഞാനിന്നു പോകുന്നത്. പുലാവു പയാറിലെ മറൈന്‍ പാര്‍ക്ക് ലോക പ്രശസ്തവും, ലങ്കാവിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് അട്രാക്ഷനുമാണ്.





ഞാന്‍ തിടുക്കത്തില്‍ പ്രഭാത ഭക്ഷണം കഴിച്ചു. കൃത്യ സമയത്തു തന്നെ കോറല്‍ ഐലന്റില്‍ നിന്നും ആളെത്തി. ഒരു ചെറിയ ബസിലാണ് ഞാനുള്‍പ്പെടെയുള്ള യാത്രക്കാര്‍ തിരിച്ചത്. കുവാ ടൌണിലെ ബോട്ട് ജെട്ടിയില്‍ നിന്നുമാണ് പയാര്‍ ദ്വീപിലേക്ക് പുറപ്പെടുന്ന കാറ്റമരന്‍ (Catamaran) പുറപ്പെടുന്നത്. ആ വലിയ കാറ്റമരനില്‍ 150 നു മേലെ ആള്‍ക്കാരുണ്ട്. ഒരു മണിക്കൂര്‍ നേരത്തെ യാത്ര എനിക്ക് വലിയ പ്രശ്നമൊന്നുമുണ്ടാക്കിയില്ലെങ്കിലും, കൂടെയുണ്ടായിരുന്ന പലരും, കടല്‍ച്ചൊരുക്കു കാരണം തലയും താങ്ങിപ്പിടിച്ചിരിക്കുന്നതു കാണാമായിരുന്നു!. ഒടുവില്‍ അകലേ പയാര്‍ ദ്വീപ് കാണ്മാറായി.





ദ്വീപില്‍ നിന്നും അര കിലോമീറ്ററോളം ദൂരം മാറി കടലില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ കാറ്റമറൈന്‍ ചെന്നു നിന്നു. വലിയ ഒരു പ്ലാറ്റ് ഫോമാണ്. മുകള്‍ ഭാഗം മറച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക് ഇരിക്കാ‍നും അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനുമായി നിരനിരയായി മേശകളും കസേരകളും സ്ഥാപിച്ചിട്ടുണ്ട്.




മലാക്കന്‍ കടലിടുക്കിന്റെ വടക്കു ഭാഗത്തായാണ് പുലാവു പയാര്‍ മറൈന്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പുലാവു പയാര്‍, പുലാവു കാക്ക (Pulau Kaca), പുലാവു ലെമ്പു (Pulau Lembu), പുലാവു സെഗന്‍‌തംഗ് (Pulau Segantang) എന്നീ നാലു ദ്വീപുകളുടെ 2 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ വരുന്ന കടല്‍ പ്രദേശമാണ് മറൈന്‍ പാര്‍ക്ക്. ഈ ദ്വീപിലെങ്ങും മനുഷ്യ വാസമില്ല. 200 മീറ്ററോളം നീളത്തിലുള്ള വെള്ള മണല്‍ത്തീരങ്ങളും, വളരെ ആഴം കുറഞ്ഞ കടല്‍ത്തട്ടും, ഏഷ്യയിലെ തന്നെ മികച്ചതും ആകര്‍ഷകവുമായ പവിഴപ്പുറ്റ് നിക്ഷേപങ്ങളും (Coral reef), വര്‍ണ ശബളമായ അസംഖ്യം മത്സ്യക്കൂട്ടങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. കടല്‍ വെള്ളം വളരെ തെളിഞ്ഞതാണ്. 15 മീറ്റര്‍ വരെ ആഴത്തില്‍ വളരെ വ്യക്തമായി കാണാന്‍ പറ്റും! സ്നോര്‍ക്കലിംഗിനും, ഡൈവിംഗിനും വളരെ അനുയോജ്യമാണിത്.





ഒടുവില്‍ എന്റെ ഗൈഡ് വന്നു. 20 വയസ്സു മാത്രം പ്രായമുള്ള ഒരു പയ്യന്‍! സ്നോര്‍ക്കലിംഗിന്റെ ബാല പാഠങ്ങള്‍ അവന്‍ പറഞ്ഞു തന്നു. നീന്തി ചെല്ലാവുന്ന ഏരിയയുടെ പരിധിയെക്കുറിച്ചും, ദ്വീപിനെയും, കോറല്‍ റീഫിനെയും കുറിച്ചും ഒരു ചെറിയ ആമുഖവും തന്നു. ഉച്ച ഭക്ഷണത്തിന്റെയും, ബോട്ട് തിരിച്ചു പോകുന്നതിന്റെയും സമയം ഒന്നു കൂടെ ഓര്‍മിപ്പിച്ച ശേഷം അവന്‍ പോയി. എന്റെ ലൈഫ് ജാക്കറ്റും, ഗോഗിള്‍സും, ശ്വാസം കഴിക്കാനുള്ള കുഴലു പോലുള്ള ഉപകരണവുമായി ഞാന്‍ എഴുന്നേറ്റു. ഒരു വശത്തായി ഒരാള്‍ സ്കൂബാ ഡൈവിംഗിനായി എത്തിയവര്‍ക്ക് ഒരാള്‍ ക്ലാസ് എടുക്കുന്നു. പ്ലാറ്റ്ഫോമില്‍ തന്നെയുള്ള അടിയിലേക്കുള്ള ഒരു ടണല്‍ വഴിയാണ് ഡൈവ് ചെയ്യുന്നവര്‍ കടലിനടിത്തട്ടില്‍ എത്തുന്നത്. ഏതായാലും, നീന്താനറിയാത്തതു കൊണ്ട് സ്നോര്‍ക്കലിംഗില്‍ ഒതുക്കാമെന്നു തോന്നിയത് ഭാഗ്യമായി.






താറാവിനെ അനുസ്മരിപ്പിക്കുന്ന പാദുകങ്ങളുമായി ഞാന്‍ വെള്ളത്തിലേക്കിറങ്ങി! നീന്തലറിയാത്തതു കൊണ്ട് ആദ്യം സ്വല്പം ഭയം തോന്നാതിരുന്നില്ല. പക്ഷേ പിന്നീടങ്ങോട്ട് എല്ലാം എളുപ്പമായിരുന്നു. നാനാജാതി വര്‍ണ്ണങ്ങളിലുള്ള സോഫ്റ്റ് കോറലുകളുടെ ഒരു പറുദീസയാണ് ഈ കോറല്‍ ഗാര്‍ഡന്‍. ഒരു പൊങ്ങുതടി പോലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് താഴെയുള്ള കാഴ്ചകള്‍ ആസ്വദിക്കാം. മറ്റൊരു ലോകത്തെത്തിയ പോലെ ഒരു തോന്നല്‍! ഈ കടല്‍ക്കാഴ്ചകളുടെ മനോഹാരിത വാക്കുകളില്‍ വിവരിക്കാവുന്നതല്ല! നിമോ ഫിഷ് മുതല്‍ ഷാര്‍ക്ക് വരെ പല നിറങ്ങളില്‍, പല രൂപങ്ങളില്‍ അനവധിയനവധി മത്സ്യങ്ങളും.. ഒരു വാട്ടര്‍ പ്രൂഫ് ക്യാമറയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോയി! ഉച്ച വരെ ഞാന്‍ കടലില്‍ തലങ്ങും വിലങ്ങും നീന്തി കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു! ഒരിക്കലും മതി വരാത്ത വര്‍ണവിസ്മയങ്ങള്‍.. ഒരു മണിയോടെ ഒരു ചെറുബോട്ടില്‍ ഞങ്ങളെ ദ്വീപിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോയി. ബേബി ഷാര്‍ക്കുകള്‍ക്ക് തീറ്റ കോടുക്കുന്നത് കാണാനാണ്. ചെറുതാണെങ്കിലും അവന്‍ ഭയങ്കരന്‍ തന്നെ!









ഉച്ചഭക്ഷണം പ്ലാറ്റ്ഫോമില്‍ നിന്നു തന്നെ. കടല്‍ വിഭവങ്ങളാണ് മുഖ്യം. ചെമ്മീന്‍, ഞണ്ട്, കണവ തുടങ്ങി പരിചയമുള്ളതും ഇല്ലാത്തതുമായ ഒരു പാട് വിഭവങ്ങള്‍.. തനി മലായ്/ചൈനീസ് രീതിയിലുള്ള പാചകം. ഭക്ഷണത്തിനു ശേഷം ഞാന്‍ വീണ്ടും വെള്ളത്തിലിറങ്ങി. കടലിന്നടിയിലെ കാഴ്ചകള്‍ എത്ര കണ്ടാലും മതി വരാത്തതാണല്ലോ! വെള്ളം തൊടാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് വേറൊരു കാറ്റമരാനില്‍ ഒരു യാത്ര ഒരുക്കിയിട്ടുണ്ട്. അതില്‍ പത്തടിയോളം താഴചയില്‍ ഒരു ഒബ്‌സെര്‍വേഷന്‍ ഡെക്ക് ഉണ്ട്. കടലിന്നടിയിലെ കാഴ്ചകള്‍ നേരിട്ടു കാണാം. 3 മണിയോടെ ഞങ്ങള്‍ തിരിച്ച് കാറ്റമരാനില്‍ കയറി. തിരിച്ച് കുവാ ടൌണിലേക്ക്. സണ്‍ ഡെക്കില്‍ ഇരുന്ന് കടല്‍ക്കാഴ്ചകള്‍ ആസ്വദിച്ചു പോകാമെന്നുള്ള എന്റെ അഗ്രഹം അപ്രതീക്ഷിതമായെത്തിയ ഒരു മഴ ഇല്ലാതാക്കി. മടക്കയാത്രയില്‍ കടല്‍ വളരെ ക്ഷോഭിച്ചിരുന്നു. യാത്രയ്ക്ക് പതിവിലും നേരമെടുത്തു.
തിരിച്ച് ഹോട്ടലിലെത്തിയ ശേഷം ഞാന്‍ കാറുമെടുത്ത് പുറത്തിറങ്ങി. കുവാ ടൌണ്‍ തന്നെയാണ് ലക്ഷ്യം. അര മണിക്കൂറോളം ഓടിക്കണം.ദ്വീപിലെ ഏറ്റവും വലിയ ടൌണും, ജന സാന്ദ്രതയേറിയ പ്രദേശവുമാണ് കുവാ ടൌണ്‍. ചെന്നു നിന്നത് ടൌണിലെ പ്രധാന ആകര്‍ഷണമായ ഈഗ്‌ള്‍ സ്ക്വയറിലാണ്. 19 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് ഒരു പരുന്തിന്റെ ഭീമാകാരമായ ഒരു പ്രതിമയുണ്ട്. പരുന്തുമായി ഈ സ്ഥലത്തിനുള്ള ബന്ധത്തിന്റെചരിത്ര പ്രാധാന്യം വിളിച്ചോതുന്നതാണിത്.
അതിനു ശേഷം പോയത് ദ്വീപിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലങ്കാവി ഫെയറിലേക്കാണ്. ദുബായിലെ വലിയ ഷോപ്പിംഗ് മാളുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇത് വലുതാണെന്ന് തോന്നാന്‍ വഴിയില്ല! എങ്കിലും ഇവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ലങ്കാവിയുടെ തനതായ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമാണ്. ഒരു ചെറിയ ഷോപ്പിംഗിനു ശേഷം ഞാന്‍ പുറത്തിറങ്ങി.

ലങ്കാവിയിലെ പസാര്‍ മലാം അഥവാ നൈറ്റ് മാര്‍ക്കറ്റുകള്‍ (Pasar Malam) വളരെ പ്രസിദ്ധമാണ്. ലങ്കാവിയുടെ തനതായ ലോക്കല്‍ ഭക്ഷണ വിഭവങ്ങള്‍ കഴിക്കണമെങ്കില്‍ ഇവിടെ തന്നെ പോകണം. ആഴ്ചയിലെ ഓരോ ദിവസവും, ദ്വീപിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇത് നടത്തപ്പെടുന്നു. ഇന്നത്തെ മാര്‍ക്കറ്റ് കുവാ ടൌണിലാണ്. എങ്കില്‍ അത് കണ്ടിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചു! ദൂരെ നിന്നേ ഹൃദ്യമായ മണം കിട്ടിയതു കൊണ്ട് സ്ഥലം അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല!


ഓരോ കടയിലും കയറി ഭക്ഷണ സാധനങ്ങള്‍ രുചിച്ചു നോക്കുന്നത് ഒരനുഭവം തന്നെയാണ്. നാട്ടിലെ കബാബ് പോലെയിരിക്കുന്ന സാത്തേ (Sateh), മലേഷ്യയുടെ തനതായ ല‌ക്സാ (Laksa) സൂപ്പ് എന്നിവ രുചിച്ചു നോക്കേണ്ടവ തന്നെയാണ്. നൂറ് കണക്കിന് ഭക്ഷണസാധനങ്ങള്‍ നിരത്തി വെച്ചിരിക്കുമ്പോള്‍ നമ്മള്‍ ഏതെടുക്കണമെന്ന കണ്‍ഫ്യൂഷനിലാകും! എല്ലായിടത്തു നിന്നും കുറച്ചു കഴിച്ചാല്‍ തന്നെ നല്ലൊരു ഡിന്നര്‍ കഴിച്ച പ്രതീതിയാണ്. കുറച്ചു നടന്നപ്പോള്‍ പഴങ്ങള്‍ വില്‍ക്കുന്ന സ്ഥലത്തെത്തി. പരിചയമുള്ള ആപ്പിളും, ഓറഞ്ചും മുതല്‍, പരിചയമില്ലാത്ത ഒരു പാടിനങ്ങള്‍. പെട്ടെന്ന്‍ ഞാന്‍ നിന്നു. എവിടെ നിന്നാണ് ടയര്‍ കത്തിയ പോലെയുള്ള തീക്ഷ്ണമായ ആ ഗന്ധം വരുന്നത്? ദേ നിരത്തി വെച്ചിരിക്കുന്നു നമ്മുടെ ഡ്യൂറിയാന്‍! അപ്പോള്‍ അതാണ് ഇവനെ ഊരു വിലക്കാനുള്ള കാര്യം. ഒരു കഷണം എടുത്ത് രുചിച്ചു നോക്കി. ഹേയ്, മണത്തിന്റെ അത്ര മോശമല്ല ഗുണം. ചക്കയുടെ രുചിയല്ല; വായില്‍ അലിഞ്ഞു പോകുന്നു.

അങ്ങനെ വൈവിദ്ധ്യമാര്‍ന്ന ഒരു ഡിന്നറും കഴിഞ്ഞ് ഞാന്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി.. മുറിയില്‍ ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങളൊക്കെ പാക്ക് ചെയ്തു. നാളെ ഇവിടെ നിന്നും യാത്ര തിരിക്കുകയാണ്. 3 ദിവസം ഒന്നിനും മതിയാകാത്ത പോലെ..

(തുടരും..)

Wednesday, 8 April 2009

ലങ്കാവി - ഭാഗം 5

(ഭാഗം 4 ല്‍ നിന്നും തുടര്‍ച്ച)


ദേവിനോട് നന്ദി പറഞ്ഞ് ഞങ്ങള്‍ ഹോട്ടലീലേക്കുള്ള വണ്ടിയില്‍ കയറി. തിരിച്ചെത്തിയ ഉടനെ വസ്ത്രം മാറി പുറത്തിറങ്ങി. സമയം 4 മണി കഴിഞ്ഞിരിക്കുന്നു. ഓറിയെന്റല്‍ വില്ലേജ് ആണ് അടുത്ത ലക്ഷ്യം.




ലങ്കാവിയിലെ പ്രശസ്ത ടൂറിസ്റ്റ് അട്രാക്ഷനായ കേബിള്‍ കാര്‍ ഇവിടെയാണ്. മാത്രമല്ല; കരകൌശല വസ്തുക്കളുടെയും, വസ്ത്രങ്ങളുടെയും, ബാഗുകളുടെയും മറ്റും ഒരു ഷോപ്പിംഗ് ഏരിയ കൂടി ആണിത്. മുത്തിയാറ റിസോര്‍ട്ടില്‍ നിന്നും ഇവിടേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.



ഓറിയെന്റല്‍ വില്ലേജിലെ ഷോപ്പിംഗ് സെന്ററുകളെല്ലാം വളരെ ട്രഡീഷണല്‍ രീതിയിലുള്ളവയാണ്. ലങ്കാവിയിലെ മറ്റ് ഷോപ്പിംഗ് സെന്ററുകളില്‍ നിന്നും ഇവയ്ക്കുള്ള പ്രത്യേകതയും ഇതു തന്നെ. കടകള്‍ക്ക് ഷോപ്പിംഗ് സെന്ററുകളേക്കാള്‍ വീടുകളോടാണ് സാദൃശ്യം.



ഒന്നു രണ്ട് കടകളില്‍ കയറി കൌതുകകരമെന്നു തോന്നിയ ചില കരകൌശല വസ്തുക്കള്‍ വാങ്ങിച്ചു. തുണിയില്‍ നെയ്തുണ്ടാക്കിയ ബാഗുകളുടെ മനോഹരമായ ഒരു കലക്ഷന്‍ ഇവിടെയുണ്ട്.

പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ ഒരു മലമ്പാമ്പുമായി എന്നെ സമീപിച്ചു. സുന്ദരിയായ ഒരു Python. സിന്‍‌ഡി എന്നാണവളുടെ പേര്. കൂടെ നിന്ന് ഫോട്ടോ എടുക്കാമത്രേ! സിന്‍‌ഡി വളരെ അനുസരണയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.




അടുത്ത ലക്ഷ്യം കേബിള്‍ കാറാണ്. 25 RM ആണ് ടിക്കറ്റ് നിരക്ക്. സമുദ്ര നിരപ്പിലെ ബെയ്‌സ് സ്റ്റേഷനില്‍ നിന്നും, മച്ചിന്‍‌ചാംഗ് മല മുകളിലെ ടോപ്പ് സ്റ്റേഷന്‍ വരെയുള്ള 2.2 km ദൂരം 20 മിനുറ്റു കൊണ്ട് താണ്ടാം. ഇടയ്ക്ക് ഒരു മിഡില്‍ സ്റ്റേഷനുമുണ്ട്. മല കയറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇത്രയും ദുരം Telaga Tujuh (Seven Wells) വെള്ളച്ചാട്ടം വഴിയും കയറി വരാം.
കേബിള്‍ കാര്‍ യാത്ര പലയിടത്തും 45 ഡിഗ്രി വരെ കുത്തനെയുള്ള കയറ്റമാണ്. മുകളിലേക്ക് പോകുന്തോറും, ഇടതു വശത്തായി ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള മനോഹരമായ ബീച്ചും കടലും ദൃശ്യമാവും. താഴെ അങ്ങഗാധതയില്‍ ഇട തിങ്ങിയ കാടുകള്‍. അതി മനോഹരമായ ദൃശ്യമാണിത്.
മിഡില്‍ സ്റ്റേഷന്‍ മച്ചിന്‍‌ചാംഗിന്റെ കിഴക്കു വശത്തായാണ് സ്ഥിതി ചെയ്യുന്നത്. അവിടെയിറങ്ങി ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി ആസ്വദിക്കാം. പക്ഷേ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ അവിടെ ഇറങ്ങാന്‍ സാധിച്ചില്ല. ടോപ്പ് സ്റ്റേഷനിലേക്കുള്ള യാത്ര തുടര്‍ന്നു.




ടോപ്പ് സ്റ്റേഷനില്‍ 360 ഡിഗ്രി വ്യൂ ഉള്ള രണ്ട് വ്യൂ പോയിന്റുകളുണ്ട്. ലങ്കാവി മാത്രമല്ല; തായ്‌ലന്റിന്റെ ചില ഭാഗങ്ങള്‍ പോലും ഇവിടെനിന്നാല്‍ കാണാം! സമുദ്ര നിരപ്പില്‍ നിന്നും 710 മീറ്റര്‍ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷം താരതമ്യേന തണുത്തതാണ്. കിഴക്കു ഭാഗത്ത് മലനിരകളും, മഴക്കാടുകളും.. പടിഞ്ഞാറ് ഭാഗത്താകട്ടെ, കടല്‍ത്തീരങ്ങളും, അനന്തമായി പരന്നു കിടക്കുന്ന സമുദ്രവും.. സൂര്യാസ്തമനം ഇവിടെ നിന്നാല്‍ വ്യക്തമായി കാണാം. ലോകത്തെ മികച്ച 7 സൂര്യാസ്തമയക്കാഴ്ചകളില്‍ ഒന്നായി ലങ്കാവി കേബിള്‍ കാര്‍ വ്യൂ പോയിന്റിലെ സൂര്യാസ്തമയത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അതിന് ദൃക്‌സാക്ഷിയാകാന്‍ കൂടെ വേണ്ടിയാണ് ഞാന്‍ ഇവിടെ വൈകുന്നേരം സന്ദര്‍ശിക്കാമെന്ന് കരുതിയത്.


വലത് ഭാഗത്ത് കുറച്ചു താഴെ രണ്ട് മലകളെ ബന്ധിപ്പിച്ചു കൊണ്ട് പണിതിരിക്കുന്ന മനോഹരമായ സസ്‌പെന്‍ഷന്‍ പാലം കാണാം. ഈ മലമുകളില്‍ ഇതു പണിതുയര്‍ത്താന്‍ എന്തു മാത്രം ബുദ്ധിമുട്ടിയിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. വ്യത്യസ്തവും മനോഹരവുമായ ഇതിന്റെ ഡിസൈന് ഒരു പാട് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പടവുകള്‍ ഇറങ്ങി ഞാന്‍ പാലത്തിലെത്തി.






ഭംഗിയേറിയ കാഴ്ചകളാണ് ചുറ്റുപാടും. കുറേ ഫോട്ടോകള്‍ എടുത്ത് ഞാന്‍ തിരിച്ച് വ്യൂ പോയിന്റിലെത്തി.







സൂര്യാസ്തമനം ആകാറായിരിക്കുന്നു. കടലില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് ചിത്രം രചിക്കുന്ന സൂര്യകിരണങ്ങള്‍.. കടലേത്, ആകാശമേത് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള വിധം അതിര്‍ത്ത് വരകള്‍ മാഞ്ഞു പോയിരിക്കുന്നു. അതി മനോഹരമായ ഈ സൂര്യാസ്തമനം ദര്‍ശിക്കാതെ ലങ്കാവിയിലേക്കുള്ള യാത്ര പൂര്‍ണമാവില്ല.




കേബിള്‍ കാറില്‍ തിരിച്ച് ബെയ്‌സ് സ്റ്റേഷനിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഓറിയെന്റല്‍ വില്ലേജിലെ കടകള്‍ ഒട്ടു മിക്കതും 7 മണിയോടെ അടച്ചു കഴിഞ്ഞു. തിരിച്ച് റിസോര്‍ട്ടിലെത്തിയ ശേഷം ഞാന്‍ ഒന്നു കൂടെ ബീച്ചിലേക്കിറങ്ങി. അപ്പോഴാണ് റിസോര്‍ട്ടിന്റെ തന്നെ കടല്‍ത്തീരത്തുള്ള സീ ഷെല്‍‌സ് കഫെ ശ്രദ്ധിച്ചത്.

അവിടെ ഡിന്നറിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. മ്യൂസിക് ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സുമുണ്ട്. പാട്ട് ആസ്വദിച്ചു കൊണ്ട് കടല്‍ത്തീരത്തിരുന്ന് ഭക്ഷണം കഴിക്കാം! ഏതായാലും ഞാന്‍ പുറത്തു നിന്ന് തന്നെയാണ് കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലത്തെ അത്താഴത്തിന്റെ രുചി നാവില്‍ നിന്നും പോയിട്ടില്ല! വീണ്ടും ഞാന്‍ മിലിയുടെ അടുത്തു ചെന്നു. ഇന്ന് അവര്‍ എനിക്ക് തായ് ഫുഡ് ആണ് ഒരുക്കിയത്. വായില്‍ കൊള്ളാത്ത ചില പേരുകള്‍.. സീ ഫുഡ് ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! തിരിച്ച് റൂമിലെത്തി ടിവി ഓണ്‍ ചെയ്തു. പ്രത്യേകിച്ചു ഒരു പരിപാടിയുമില്ല. ഒരു കപ്പ് ഐറിഷ് ക്രീമുമെടുത്ത് ഞാന്‍ വരാന്തയില്‍ ചെന്നിരുന്നു. കടലിന്റെ ഇരമ്പത്തിനു മേല്‍ ഉയര്‍ന്നു കേള്‍ക്കുന്ന സീ ഷെ‌ല്‍‌സിലെ ഗായകരുടെ പാട്ട്.. അതിനെയും കവച്ചു വെച്ചു കൊണ്ട് കാട്ടിലെ സംഗീതജ്ഞന്മാരുടെ - ചീവിടുകളുടെ - കച്ചേരി!




(ഇത് പിറ്റേന്ന് എടുത്ത ചിത്രങ്ങളാണ്)


(തുടരും..)