Sunday, 19 April 2009

ലങ്കാവി - ഭാഗം 6

(ഭാഗം 5 ല്‍ നിന്നും തുടര്‍ച്ച)രാവിലെ പതിവു പോലെ നേരത്തെ ഉണര്‍ന്നു. ഇന്ന് മോണിംഗ് വാക്കിനുള്ള സമയമില്ല. 7 മണിക്ക് എന്നെ കൂട്ടിക്കൊണ്ടു പോകാന്‍ 'കോറല്‍ ഐലന്റ്' എന്ന ട്രിപ് ഏജന്‍സിയില്‍ നിന്നും ആള്‍ വരും. പ്രധാന ദ്വീപില്‍ നിന്നും ഒട്ടു മാറി സ്ഥിതി ചെയ്യുന്ന പയാര്‍ (Pulau Payar) എന്ന ദ്വീപിലേക്കാണ് ഞാനിന്നു പോകുന്നത്. പുലാവു പയാറിലെ മറൈന്‍ പാര്‍ക്ക് ലോക പ്രശസ്തവും, ലങ്കാവിയിലെ ഏറ്റവും മികച്ച ടൂറിസ്റ്റ് അട്രാക്ഷനുമാണ്.

ഞാന്‍ തിടുക്കത്തില്‍ പ്രഭാത ഭക്ഷണം കഴിച്ചു. കൃത്യ സമയത്തു തന്നെ കോറല്‍ ഐലന്റില്‍ നിന്നും ആളെത്തി. ഒരു ചെറിയ ബസിലാണ് ഞാനുള്‍പ്പെടെയുള്ള യാത്രക്കാര്‍ തിരിച്ചത്. കുവാ ടൌണിലെ ബോട്ട് ജെട്ടിയില്‍ നിന്നുമാണ് പയാര്‍ ദ്വീപിലേക്ക് പുറപ്പെടുന്ന കാറ്റമരന്‍ (Catamaran) പുറപ്പെടുന്നത്. ആ വലിയ കാറ്റമരനില്‍ 150 നു മേലെ ആള്‍ക്കാരുണ്ട്. ഒരു മണിക്കൂര്‍ നേരത്തെ യാത്ര എനിക്ക് വലിയ പ്രശ്നമൊന്നുമുണ്ടാക്കിയില്ലെങ്കിലും, കൂടെയുണ്ടായിരുന്ന പലരും, കടല്‍ച്ചൊരുക്കു കാരണം തലയും താങ്ങിപ്പിടിച്ചിരിക്കുന്നതു കാണാമായിരുന്നു!. ഒടുവില്‍ അകലേ പയാര്‍ ദ്വീപ് കാണ്മാറായി.

ദ്വീപില്‍ നിന്നും അര കിലോമീറ്ററോളം ദൂരം മാറി കടലില്‍ സ്ഥാപിച്ചിരിക്കുന്ന ഒരു പ്ലാറ്റ്ഫോമില്‍ കാറ്റമറൈന്‍ ചെന്നു നിന്നു. വലിയ ഒരു പ്ലാറ്റ് ഫോമാണ്. മുകള്‍ ഭാഗം മറച്ചിരിക്കുന്നു. യാത്രക്കാര്‍ക്ക് ഇരിക്കാ‍നും അവരുടെ സാധനങ്ങള്‍ സൂക്ഷിക്കാനുമായി നിരനിരയായി മേശകളും കസേരകളും സ്ഥാപിച്ചിട്ടുണ്ട്.
മലാക്കന്‍ കടലിടുക്കിന്റെ വടക്കു ഭാഗത്തായാണ് പുലാവു പയാര്‍ മറൈന്‍ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. പുലാവു പയാര്‍, പുലാവു കാക്ക (Pulau Kaca), പുലാവു ലെമ്പു (Pulau Lembu), പുലാവു സെഗന്‍‌തംഗ് (Pulau Segantang) എന്നീ നാലു ദ്വീപുകളുടെ 2 നോട്ടിക്കല്‍ മൈല്‍ പരിധിയില്‍ വരുന്ന കടല്‍ പ്രദേശമാണ് മറൈന്‍ പാര്‍ക്ക്. ഈ ദ്വീപിലെങ്ങും മനുഷ്യ വാസമില്ല. 200 മീറ്ററോളം നീളത്തിലുള്ള വെള്ള മണല്‍ത്തീരങ്ങളും, വളരെ ആഴം കുറഞ്ഞ കടല്‍ത്തട്ടും, ഏഷ്യയിലെ തന്നെ മികച്ചതും ആകര്‍ഷകവുമായ പവിഴപ്പുറ്റ് നിക്ഷേപങ്ങളും (Coral reef), വര്‍ണ ശബളമായ അസംഖ്യം മത്സ്യക്കൂട്ടങ്ങളുമാണ് ഇവിടുത്തെ പ്രത്യേകത. കടല്‍ വെള്ളം വളരെ തെളിഞ്ഞതാണ്. 15 മീറ്റര്‍ വരെ ആഴത്തില്‍ വളരെ വ്യക്തമായി കാണാന്‍ പറ്റും! സ്നോര്‍ക്കലിംഗിനും, ഡൈവിംഗിനും വളരെ അനുയോജ്യമാണിത്.

ഒടുവില്‍ എന്റെ ഗൈഡ് വന്നു. 20 വയസ്സു മാത്രം പ്രായമുള്ള ഒരു പയ്യന്‍! സ്നോര്‍ക്കലിംഗിന്റെ ബാല പാഠങ്ങള്‍ അവന്‍ പറഞ്ഞു തന്നു. നീന്തി ചെല്ലാവുന്ന ഏരിയയുടെ പരിധിയെക്കുറിച്ചും, ദ്വീപിനെയും, കോറല്‍ റീഫിനെയും കുറിച്ചും ഒരു ചെറിയ ആമുഖവും തന്നു. ഉച്ച ഭക്ഷണത്തിന്റെയും, ബോട്ട് തിരിച്ചു പോകുന്നതിന്റെയും സമയം ഒന്നു കൂടെ ഓര്‍മിപ്പിച്ച ശേഷം അവന്‍ പോയി. എന്റെ ലൈഫ് ജാക്കറ്റും, ഗോഗിള്‍സും, ശ്വാസം കഴിക്കാനുള്ള കുഴലു പോലുള്ള ഉപകരണവുമായി ഞാന്‍ എഴുന്നേറ്റു. ഒരു വശത്തായി ഒരാള്‍ സ്കൂബാ ഡൈവിംഗിനായി എത്തിയവര്‍ക്ക് ഒരാള്‍ ക്ലാസ് എടുക്കുന്നു. പ്ലാറ്റ്ഫോമില്‍ തന്നെയുള്ള അടിയിലേക്കുള്ള ഒരു ടണല്‍ വഴിയാണ് ഡൈവ് ചെയ്യുന്നവര്‍ കടലിനടിത്തട്ടില്‍ എത്തുന്നത്. ഏതായാലും, നീന്താനറിയാത്തതു കൊണ്ട് സ്നോര്‍ക്കലിംഗില്‍ ഒതുക്കാമെന്നു തോന്നിയത് ഭാഗ്യമായി.


താറാവിനെ അനുസ്മരിപ്പിക്കുന്ന പാദുകങ്ങളുമായി ഞാന്‍ വെള്ളത്തിലേക്കിറങ്ങി! നീന്തലറിയാത്തതു കൊണ്ട് ആദ്യം സ്വല്പം ഭയം തോന്നാതിരുന്നില്ല. പക്ഷേ പിന്നീടങ്ങോട്ട് എല്ലാം എളുപ്പമായിരുന്നു. നാനാജാതി വര്‍ണ്ണങ്ങളിലുള്ള സോഫ്റ്റ് കോറലുകളുടെ ഒരു പറുദീസയാണ് ഈ കോറല്‍ ഗാര്‍ഡന്‍. ഒരു പൊങ്ങുതടി പോലെ വെള്ളത്തില്‍ പൊങ്ങിക്കിടന്ന് താഴെയുള്ള കാഴ്ചകള്‍ ആസ്വദിക്കാം. മറ്റൊരു ലോകത്തെത്തിയ പോലെ ഒരു തോന്നല്‍! ഈ കടല്‍ക്കാഴ്ചകളുടെ മനോഹാരിത വാക്കുകളില്‍ വിവരിക്കാവുന്നതല്ല! നിമോ ഫിഷ് മുതല്‍ ഷാര്‍ക്ക് വരെ പല നിറങ്ങളില്‍, പല രൂപങ്ങളില്‍ അനവധിയനവധി മത്സ്യങ്ങളും.. ഒരു വാട്ടര്‍ പ്രൂഫ് ക്യാമറയുണ്ടായിരുന്നെങ്കില്‍ എന്നു ഞാന്‍ ആഗ്രഹിച്ചു പോയി! ഉച്ച വരെ ഞാന്‍ കടലില്‍ തലങ്ങും വിലങ്ങും നീന്തി കാഴ്ചകള്‍ ആസ്വദിക്കുകയായിരുന്നു! ഒരിക്കലും മതി വരാത്ത വര്‍ണവിസ്മയങ്ങള്‍.. ഒരു മണിയോടെ ഒരു ചെറുബോട്ടില്‍ ഞങ്ങളെ ദ്വീപിന്റെ മറ്റൊരു ഭാഗത്തേക്ക് കൊണ്ടു പോയി. ബേബി ഷാര്‍ക്കുകള്‍ക്ക് തീറ്റ കോടുക്കുന്നത് കാണാനാണ്. ചെറുതാണെങ്കിലും അവന്‍ ഭയങ്കരന്‍ തന്നെ!

ഉച്ചഭക്ഷണം പ്ലാറ്റ്ഫോമില്‍ നിന്നു തന്നെ. കടല്‍ വിഭവങ്ങളാണ് മുഖ്യം. ചെമ്മീന്‍, ഞണ്ട്, കണവ തുടങ്ങി പരിചയമുള്ളതും ഇല്ലാത്തതുമായ ഒരു പാട് വിഭവങ്ങള്‍.. തനി മലായ്/ചൈനീസ് രീതിയിലുള്ള പാചകം. ഭക്ഷണത്തിനു ശേഷം ഞാന്‍ വീണ്ടും വെള്ളത്തിലിറങ്ങി. കടലിന്നടിയിലെ കാഴ്ചകള്‍ എത്ര കണ്ടാലും മതി വരാത്തതാണല്ലോ! വെള്ളം തൊടാന്‍ ഇഷ്ടമില്ലാത്തവര്‍ക്ക് വേറൊരു കാറ്റമരാനില്‍ ഒരു യാത്ര ഒരുക്കിയിട്ടുണ്ട്. അതില്‍ പത്തടിയോളം താഴചയില്‍ ഒരു ഒബ്‌സെര്‍വേഷന്‍ ഡെക്ക് ഉണ്ട്. കടലിന്നടിയിലെ കാഴ്ചകള്‍ നേരിട്ടു കാണാം. 3 മണിയോടെ ഞങ്ങള്‍ തിരിച്ച് കാറ്റമരാനില്‍ കയറി. തിരിച്ച് കുവാ ടൌണിലേക്ക്. സണ്‍ ഡെക്കില്‍ ഇരുന്ന് കടല്‍ക്കാഴ്ചകള്‍ ആസ്വദിച്ചു പോകാമെന്നുള്ള എന്റെ അഗ്രഹം അപ്രതീക്ഷിതമായെത്തിയ ഒരു മഴ ഇല്ലാതാക്കി. മടക്കയാത്രയില്‍ കടല്‍ വളരെ ക്ഷോഭിച്ചിരുന്നു. യാത്രയ്ക്ക് പതിവിലും നേരമെടുത്തു.
തിരിച്ച് ഹോട്ടലിലെത്തിയ ശേഷം ഞാന്‍ കാറുമെടുത്ത് പുറത്തിറങ്ങി. കുവാ ടൌണ്‍ തന്നെയാണ് ലക്ഷ്യം. അര മണിക്കൂറോളം ഓടിക്കണം.ദ്വീപിലെ ഏറ്റവും വലിയ ടൌണും, ജന സാന്ദ്രതയേറിയ പ്രദേശവുമാണ് കുവാ ടൌണ്‍. ചെന്നു നിന്നത് ടൌണിലെ പ്രധാന ആകര്‍ഷണമായ ഈഗ്‌ള്‍ സ്ക്വയറിലാണ്. 19 ഏക്കറില്‍ സ്ഥിതിചെയ്യുന്ന ഈ സ്ഥലത്ത് ഒരു പരുന്തിന്റെ ഭീമാകാരമായ ഒരു പ്രതിമയുണ്ട്. പരുന്തുമായി ഈ സ്ഥലത്തിനുള്ള ബന്ധത്തിന്റെചരിത്ര പ്രാധാന്യം വിളിച്ചോതുന്നതാണിത്.
അതിനു ശേഷം പോയത് ദ്വീപിലെ ഏറ്റവും വലിയ ഷോപ്പിംഗ് മാളായ ലങ്കാവി ഫെയറിലേക്കാണ്. ദുബായിലെ വലിയ ഷോപ്പിംഗ് മാളുകള്‍ കണ്ടിട്ടുള്ളവര്‍ക്ക് ഇത് വലുതാണെന്ന് തോന്നാന്‍ വഴിയില്ല! എങ്കിലും ഇവിടെ വില്‍ക്കാന്‍ വെച്ചിരിക്കുന്ന ലങ്കാവിയുടെ തനതായ ഉല്‍പ്പന്നങ്ങള്‍ ആകര്‍ഷകമാണ്. ഒരു ചെറിയ ഷോപ്പിംഗിനു ശേഷം ഞാന്‍ പുറത്തിറങ്ങി.

ലങ്കാവിയിലെ പസാര്‍ മലാം അഥവാ നൈറ്റ് മാര്‍ക്കറ്റുകള്‍ (Pasar Malam) വളരെ പ്രസിദ്ധമാണ്. ലങ്കാവിയുടെ തനതായ ലോക്കല്‍ ഭക്ഷണ വിഭവങ്ങള്‍ കഴിക്കണമെങ്കില്‍ ഇവിടെ തന്നെ പോകണം. ആഴ്ചയിലെ ഓരോ ദിവസവും, ദ്വീപിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി ഇത് നടത്തപ്പെടുന്നു. ഇന്നത്തെ മാര്‍ക്കറ്റ് കുവാ ടൌണിലാണ്. എങ്കില്‍ അത് കണ്ടിട്ടു തന്നെ കാര്യം എന്നു തീരുമാനിച്ചു! ദൂരെ നിന്നേ ഹൃദ്യമായ മണം കിട്ടിയതു കൊണ്ട് സ്ഥലം അന്വേഷിച്ച് അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല!


ഓരോ കടയിലും കയറി ഭക്ഷണ സാധനങ്ങള്‍ രുചിച്ചു നോക്കുന്നത് ഒരനുഭവം തന്നെയാണ്. നാട്ടിലെ കബാബ് പോലെയിരിക്കുന്ന സാത്തേ (Sateh), മലേഷ്യയുടെ തനതായ ല‌ക്സാ (Laksa) സൂപ്പ് എന്നിവ രുചിച്ചു നോക്കേണ്ടവ തന്നെയാണ്. നൂറ് കണക്കിന് ഭക്ഷണസാധനങ്ങള്‍ നിരത്തി വെച്ചിരിക്കുമ്പോള്‍ നമ്മള്‍ ഏതെടുക്കണമെന്ന കണ്‍ഫ്യൂഷനിലാകും! എല്ലായിടത്തു നിന്നും കുറച്ചു കഴിച്ചാല്‍ തന്നെ നല്ലൊരു ഡിന്നര്‍ കഴിച്ച പ്രതീതിയാണ്. കുറച്ചു നടന്നപ്പോള്‍ പഴങ്ങള്‍ വില്‍ക്കുന്ന സ്ഥലത്തെത്തി. പരിചയമുള്ള ആപ്പിളും, ഓറഞ്ചും മുതല്‍, പരിചയമില്ലാത്ത ഒരു പാടിനങ്ങള്‍. പെട്ടെന്ന്‍ ഞാന്‍ നിന്നു. എവിടെ നിന്നാണ് ടയര്‍ കത്തിയ പോലെയുള്ള തീക്ഷ്ണമായ ആ ഗന്ധം വരുന്നത്? ദേ നിരത്തി വെച്ചിരിക്കുന്നു നമ്മുടെ ഡ്യൂറിയാന്‍! അപ്പോള്‍ അതാണ് ഇവനെ ഊരു വിലക്കാനുള്ള കാര്യം. ഒരു കഷണം എടുത്ത് രുചിച്ചു നോക്കി. ഹേയ്, മണത്തിന്റെ അത്ര മോശമല്ല ഗുണം. ചക്കയുടെ രുചിയല്ല; വായില്‍ അലിഞ്ഞു പോകുന്നു.

അങ്ങനെ വൈവിദ്ധ്യമാര്‍ന്ന ഒരു ഡിന്നറും കഴിഞ്ഞ് ഞാന്‍ റിസോര്‍ട്ടില്‍ തിരിച്ചെത്തി.. മുറിയില്‍ ചിതറിക്കിടന്നിരുന്ന വസ്ത്രങ്ങളൊക്കെ പാക്ക് ചെയ്തു. നാളെ ഇവിടെ നിന്നും യാത്ര തിരിക്കുകയാണ്. 3 ദിവസം ഒന്നിനും മതിയാകാത്ത പോലെ..

(തുടരും..)

4 comments:

മി | Mi 19 April 2009 at 15:47  

ഭാഗം 6.

(ഒന്നു രണ്ടു ചിത്രങ്ങള്‍ ചില വെബ്സൈറ്റുകളില്‍ നിന്ന് കോപ്പിയടിച്ചിട്ടുണ്ട് - മുന്‍‌കൂര്‍ ജാമ്യം!)

yousufpa 19 April 2009 at 22:48  

മലേഷ്യ എന്‍റെ സ്വപ്ന രാജ്യമാണ് എന്‍റെ സുഹൃത്തേ. കഴിച്ചു കൂട്ടിയ ഏഴുകൊല്ലം വളരെ ഹൃദ്യമായിരുന്നു. കേരളത്തിനോളം വലുപ്പമുള്ള ആ കൊച്ചുരാജ്യം വളര്‍ച്ചയുടെ കാര്യത്തില്‍ മുന്‍പന്തിയിലാണെന്ന് മനസ്സിലായില്ലേ..?
പ്രകൃതിയെ ഇത്രമാത്രം സ്നേഹിക്കുന്ന ജനത ലോകത്ത് വേറെ ഉണ്ടോ എന്ന് സംശയമാണ്.

Zebu Bull::മാണിക്കൻ 20 April 2009 at 21:41  

മുന്‍‌കഷണങ്ങള്‍ പോലെ തന്നെ രസകരം.

മി | Mi 22 April 2009 at 11:45  

Cant type in Malayalam, sorry about that..

Yusufpa, you are right.. Malaysia is my favourite place too..

Zebu Bull, thanks a lot..