ലങ്കാവി - ഭാഗം 5
(ഭാഗം 4 ല്‍ നിന്നും തുടര്‍ച്ച)
ദേവിനോട് നന്ദി പറഞ്ഞ് ഞങ്ങള്‍ ഹോട്ടലീലേക്കുള്ള വണ്ടിയില്‍ കയറി. തിരിച്ചെത്തിയ ഉടനെ വസ്ത്രം മാറി പുറത്തിറങ്ങി. സമയം 4 മണി കഴിഞ്ഞിരിക്കുന്നു. ഓറിയെന്റല്‍ വില്ലേജ് ആണ് അടുത്ത ലക്ഷ്യം.

ലങ്കാവിയിലെ പ്രശസ്ത ടൂറിസ്റ്റ് അട്രാക്ഷനായ കേബിള്‍ കാര്‍ ഇവിടെയാണ്. മാത്രമല്ല; കരകൌശല വസ്തുക്കളുടെയും, വസ്ത്രങ്ങളുടെയും, ബാഗുകളുടെയും മറ്റും ഒരു ഷോപ്പിംഗ് ഏരിയ കൂടി ആണിത്. മുത്തിയാറ റിസോര്‍ട്ടില്‍ നിന്നും ഇവിടേക്ക് നടക്കാവുന്ന ദൂരമേയുള്ളൂ.

ഓറിയെന്റല്‍ വില്ലേജിലെ ഷോപ്പിംഗ് സെന്ററുകളെല്ലാം വളരെ ട്രഡീഷണല്‍ രീതിയിലുള്ളവയാണ്. ലങ്കാവിയിലെ മറ്റ് ഷോപ്പിംഗ് സെന്ററുകളില്‍ നിന്നും ഇവയ്ക്കുള്ള പ്രത്യേകതയും ഇതു തന്നെ. കടകള്‍ക്ക് ഷോപ്പിംഗ് സെന്ററുകളേക്കാള്‍ വീടുകളോടാണ് സാദൃശ്യം.

ഒന്നു രണ്ട് കടകളില്‍ കയറി കൌതുകകരമെന്നു തോന്നിയ ചില കരകൌശല വസ്തുക്കള്‍ വാങ്ങിച്ചു. തുണിയില്‍ നെയ്തുണ്ടാക്കിയ ബാഗുകളുടെ മനോഹരമായ ഒരു കലക്ഷന്‍ ഇവിടെയുണ്ട്.
പുറത്തിറങ്ങിയപ്പോള്‍ ഒരാള്‍ ഒരു മലമ്പാമ്പുമായി എന്നെ സമീപിച്ചു. സുന്ദരിയായ ഒരു Python. സിന്‍ഡി എന്നാണവളുടെ പേര്. കൂടെ നിന്ന് ഫോട്ടോ എടുക്കാമത്രേ! സിന്‍ഡി വളരെ അനുസരണയോടെ ഫോട്ടോയ്ക്ക് പോസ് ചെയ്തു.

അടുത്ത ലക്ഷ്യം കേബിള്‍ കാറാണ്. 25 RM ആണ് ടിക്കറ്റ് നിരക്ക്. സമുദ്ര നിരപ്പിലെ ബെയ്‌സ് സ്റ്റേഷനില്‍ നിന്നും, മച്ചിന്‍ചാംഗ് മല മുകളിലെ ടോപ്പ് സ്റ്റേഷന്‍ വരെയുള്ള 2.2 km ദൂരം 20 മിനുറ്റു കൊണ്ട് താണ്ടാം. ഇടയ്ക്ക് ഒരു മിഡില്‍ സ്റ്റേഷനുമുണ്ട്. മല കയറാന്‍ താല്പര്യമുള്ളവര്‍ക്ക് ഇത്രയും ദുരം Telaga Tujuh (Seven Wells) വെള്ളച്ചാട്ടം വഴിയും കയറി വരാം.
കേബിള്‍ കാര്‍ യാത്ര പലയിടത്തും 45 ഡിഗ്രി വരെ കുത്തനെയുള്ള കയറ്റമാണ്. മുകളിലേക്ക് പോകുന്തോറും, ഇടതു വശത്തായി ഹാര്‍ബര്‍ ഉള്‍പ്പെടെയുള്ള മനോഹരമായ ബീച്ചും കടലും ദൃശ്യമാവും. താഴെ അങ്ങഗാധതയില്‍ ഇട തിങ്ങിയ കാടുകള്‍. അതി മനോഹരമായ ദൃശ്യമാണിത്.


മിഡില്‍ സ്റ്റേഷന്‍ മച്ചിന്‍ചാംഗിന്റെ കിഴക്കു വശത്തായാണ് സ്ഥിതി ചെയ്യുന്നത്. അവിടെയിറങ്ങി ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി ആസ്വദിക്കാം. പക്ഷേ മെയിന്റനന്‍സ് ജോലികള്‍ നടക്കുന്നതിനാല്‍ അവിടെ ഇറങ്ങാന്‍ സാധിച്ചില്ല. ടോപ്പ് സ്റ്റേഷനിലേക്കുള്ള യാത്ര തുടര്‍ന്നു.


ടോപ്പ് സ്റ്റേഷനില്‍ 360 ഡിഗ്രി വ്യൂ ഉള്ള രണ്ട് വ്യൂ പോയിന്റുകളുണ്ട്. ലങ്കാവി മാത്രമല്ല; തായ്‌ലന്റിന്റെ ചില ഭാഗങ്ങള്‍ പോലും ഇവിടെനിന്നാല്‍ കാണാം! സമുദ്ര നിരപ്പില്‍ നിന്നും 710 മീറ്റര്‍ ഉയരത്തിലാണ് ഇതു സ്ഥിതി ചെയ്യുന്നത്. അന്തരീക്ഷം താരതമ്യേന തണുത്തതാണ്. കിഴക്കു ഭാഗത്ത് മലനിരകളും, മഴക്കാടുകളും.. പടിഞ്ഞാറ് ഭാഗത്താകട്ടെ, കടല്‍ത്തീരങ്ങളും, അനന്തമായി പരന്നു കിടക്കുന്ന സമുദ്രവും.. സൂര്യാസ്തമനം ഇവിടെ നിന്നാല്‍ വ്യക്തമായി കാണാം. ലോകത്തെ മികച്ച 7 സൂര്യാസ്തമയക്കാഴ്ചകളില്‍ ഒന്നായി ലങ്കാവി കേബിള്‍ കാര്‍ വ്യൂ പോയിന്റിലെ സൂര്യാസ്തമയത്തെ തെരഞ്ഞെടുത്തിരിക്കുന്നു. അതിന് ദൃക്‌സാക്ഷിയാകാന്‍ കൂടെ വേണ്ടിയാണ് ഞാന്‍ ഇവിടെ വൈകുന്നേരം സന്ദര്‍ശിക്കാമെന്ന് കരുതിയത്.
വലത് ഭാഗത്ത് കുറച്ചു താഴെ രണ്ട് മലകളെ ബന്ധിപ്പിച്ചു കൊണ്ട് പണിതിരിക്കുന്ന മനോഹരമായ സസ്‌പെന്‍ഷന്‍ പാലം കാണാം. ഈ മലമുകളില്‍ ഇതു പണിതുയര്‍ത്താന്‍ എന്തു മാത്രം ബുദ്ധിമുട്ടിയിരിക്കുമെന്ന് ഞാന്‍ ഓര്‍ത്തു. വ്യത്യസ്തവും മനോഹരവുമായ ഇതിന്റെ ഡിസൈന് ഒരു പാട് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. പടവുകള്‍ ഇറങ്ങി ഞാന്‍ പാലത്തിലെത്തി.


ഭംഗിയേറിയ കാഴ്ചകളാണ് ചുറ്റുപാടും. കുറേ ഫോട്ടോകള്‍ എടുത്ത് ഞാന്‍ തിരിച്ച് വ്യൂ പോയിന്റിലെത്തി.




സൂര്യാസ്തമനം ആകാറായിരിക്കുന്നു. കടലില്‍ വര്‍ണ്ണങ്ങള്‍ കൊണ്ട് ചിത്രം രചിക്കുന്ന സൂര്യകിരണങ്ങള്‍.. കടലേത്, ആകാശമേത് എന്ന് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുള്ള വിധം അതിര്‍ത്ത് വരകള്‍ മാഞ്ഞു പോയിരിക്കുന്നു. അതി മനോഹരമായ ഈ സൂര്യാസ്തമനം ദര്‍ശിക്കാതെ ലങ്കാവിയിലേക്കുള്ള യാത്ര പൂര്‍ണമാവില്ല.

കേബിള്‍ കാറില്‍ തിരിച്ച് ബെയ്‌സ് സ്റ്റേഷനിലെത്തിയപ്പോള്‍ നേരം ഇരുട്ടിയിരുന്നു. ഓറിയെന്റല്‍ വില്ലേജിലെ കടകള്‍ ഒട്ടു മിക്കതും 7 മണിയോടെ അടച്ചു കഴിഞ്ഞു. തിരിച്ച് റിസോര്‍ട്ടിലെത്തിയ ശേഷം ഞാന്‍ ഒന്നു കൂടെ ബീച്ചിലേക്കിറങ്ങി. അപ്പോഴാണ് റിസോര്‍ട്ടിന്റെ തന്നെ കടല്‍ത്തീരത്തുള്ള സീ ഷെല്‍സ് കഫെ ശ്രദ്ധിച്ചത്.
അവിടെ ഡിന്നറിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നു. മ്യൂസിക് ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സുമുണ്ട്. പാട്ട് ആസ്വദിച്ചു കൊണ്ട് കടല്‍ത്തീരത്തിരുന്ന് ഭക്ഷണം കഴിക്കാം! ഏതായാലും ഞാന്‍ പുറത്തു നിന്ന് തന്നെയാണ് കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഇന്നലത്തെ അത്താഴത്തിന്റെ രുചി നാവില്‍ നിന്നും പോയിട്ടില്ല! വീണ്ടും ഞാന്‍ മിലിയുടെ അടുത്തു ചെന്നു. ഇന്ന് അവര്‍ എനിക്ക് തായ് ഫുഡ് ആണ് ഒരുക്കിയത്. വായില്‍ കൊള്ളാത്ത ചില പേരുകള്‍.. സീ ഫുഡ് ആണെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ! തിരിച്ച് റൂമിലെത്തി ടിവി ഓണ്‍ ചെയ്തു. പ്രത്യേകിച്ചു ഒരു പരിപാടിയുമില്ല. ഒരു കപ്പ് ഐറിഷ് ക്രീമുമെടുത്ത് ഞാന്‍ വരാന്തയില്‍ ചെന്നിരുന്നു. കടലിന്റെ ഇരമ്പത്തിനു മേല്‍ ഉയര്‍ന്നു കേള്‍ക്കുന്ന സീ ഷെല്‍സിലെ ഗായകരുടെ പാട്ട്.. അതിനെയും കവച്ചു വെച്ചു കൊണ്ട് കാട്ടിലെ സംഗീതജ്ഞന്മാരുടെ - ചീവിടുകളുടെ - കച്ചേരി!


(ഇത് പിറ്റേന്ന് എടുത്ത ചിത്രങ്ങളാണ്)
(തുടരും..)
5 comments:
ലങ്കാവി - ഭാഗം 5
Just too good man!!!
നല്ല വിവരണവും ചിത്രങ്ങളും.. ആശംസകള്‍..
Vince, Pakal kinavan.. Thanks a lot..
Post a Comment